Headlines

തൃശൂരില്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിന് വെട്ടേറ്റ സംഭവം; ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷനെന്ന് സൂചന

തൃശൂരില്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനും ഡ്രൈവര്‍ അജീഷിനും വെട്ടേറ്റ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷനെന്ന് സൂചന. ഇരുട്ടില്‍ പതിയിരുന്ന് ആക്രമിച്ചത് മൂന്നംഗ സംഘമെന്ന് കണ്ടെത്തല്‍.

ഇന്നലെ രാത്രി പത്തുമണിയോടെ തൃശൂര്‍ വെളപ്പായയില്‍ സുനിലിന്റെ വീടിന് മുന്നില്‍ വച്ചാണ് സംഭവം. സുനിലിന്റെ വീടിനു മുന്‍പില്‍ വച്ച് കാറില്‍ നിന്നിറങ്ങി ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുട്ടില്‍ പതിയിരുന്ന മൂന്നംഗ സംഘം വാള്‍ ഉപയോഗിച്ച് ഇരുവരെയും വെട്ടിയത്. സുനിലിന്റെ കാലിനും ഡ്രൈവറുടെ കൈക്കുമാണ് വെട്ടിയത്. പരുക്കേറ്റ ഇരുവരെയും ആദ്യം തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും, പിന്നീട് തൃശൂര്‍ ദയ ആശുപത്രിയിലേക്കും മാറ്റി. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല.

ഇരുവരെയും വെട്ടിയശേഷം അക്രമിസംഘം ഓടിരക്ഷപ്പെട്ടു. സുനില്‍ പത്തുവര്‍ഷത്തോളമായി രാഗം തിയേറ്റര്‍ വാടകയ്ക്ക് എടുത്ത് നടത്തുകയാണ്. പ്രതികളെ പിടികൂടുന്നതിനായി മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.