വാഷിങ്ടൻ ∙ ഇറാനിൽ യുഎസ് സൈന്യം ആക്രമണം തുടരുമ്പോൾ അമേരിക്കയുടെ യുദ്ധച്ചെലവ് കുതിച്ചുയരുന്നു. 37.5 ബില്യൻ ഡോളർ ഇറാനെതിരായ ആക്രമണത്തിനായി ചെലവായെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിന് ആറ് മാസം ശേഷിക്കേ യുദ്ധച്ചെലവിൽ ഭീമമായ വർധന ഭരണകൂടത്തിനു തലവേദന ആയിരിക്കുകയാണ്. അതേസമയം ഇറാനിലെ അമേരിക്കൻ ആക്രമണത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ഇടയിലും മതിപ്പില്ലെന്നാണ് റിപ്പോർട്ടുകൾ.ഇപ്പോൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം സെപ്റ്റംബർ 30 വരെയുള്ള യുദ്ധച്ചെലവാണ് 37.5 ബില്യനെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി വിശദീകരിച്ചു. യുദ്ധം ആരംഭിച്ച് ആദ്യ ആറ് ദിവസങ്ങളിൽ മാത്രം 11.3 ബില്യൻ ഡോളറാണ് അമേരിക്ക ചെലവിട്ടത്. കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് യുദ്ധാവശ്യങ്ങൾക്കായി 90 ബില്യൻ ഡോളറിന്റെ അധിക ധനസഹായം നിമയനിർമാണ സഭയായ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. ധനസഹായം വർധിപ്പിച്ചില്ലെങ്കിൽ സൈനിക പരിശീലനം അടക്കം വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നും ഹെഗ്‌സെത്ത് പറഞ്ഞു.ഫെബ്രുവരി 28നാണ് യുഎസും ഇസ്രയേലും സംയുക്തമായി ഇറാനിൽ ബോംബാക്രമണം ആരംഭിച്ചത്. ജൂലൈ ആദ്യം വെടിനിർത്തൽ കരാർ നിലവിൽ വന്നെങ്കിലും ദിവസങ്ങൾക്കകം ഇരുപക്ഷവും ധാരണകൾ ലംഘിച്ചു. ഇതോടെ കഴിഞ്ഞ പത്തുദിവസമായി യുഎസ്–ഇറാൻ സംഘർഷം തുടരുകയാണ്. യുദ്ധത്തിൽ ഇതുവരെ 18 യുഎസ് സൈനികർക്ക് മരണം സംഭവിച്ചു. 430 യുഎസ് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു.









