Headlines

വിമുക്ത ഭടന് മദ്യം നൽകി മയക്കി കവർച്ച, മർദനം; അമ്മയും സുഹൃത്തും മകനും അറസ്റ്റിൽ‍, പിടികൂടിയത് ധ്യാന കേന്ദ്രത്തൽ നിന്ന്

 

തിരുവനന്തപുരം ∙ വിമുക്ത ഭടനെ മദ്യം നൽകി മയക്കിയതിന് ശേഷം മർദിച്ച് ഒൻപത് പവൻ സ്വർണവും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ നിന്നുമാണ് തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ദീപ, മകൻ അഖിൽ, സുഹൃത്ത് പ്രകാശ് എന്നിവരെ പൊലീസ് പിടികൂടിയത്. ഹണിട്രാപ് മോഡലിൽ കവർച്ച നടത്തിയ ശേഷം ഇവർ ധ്യാനകേന്ദ്രത്തിൽ ഒളിവിൽ കഴിയുകയായിരുന്നു.പൊലീസ് നൽകുന്ന വിവരപ്രകാരം പോത്തൻകോട് സ്വദേശിയായ 68 വയസ്സുള്ള വിമുക്ത ഭടനുമായി എട്ടുമാസം മുൻപാണ് ദീപ സൗഹൃദം സ്ഥാപിക്കുന്നത്. മുൻപും ഹണിട്രാപ് കേസിൽ ദീപ പ്രതിയായിട്ടുണ്ട്. വിമുക്ത ഭടൻ കഴക്കൂട്ടം ചന്തവിളയിൽ നിർമിച്ച പുതിയ വീട് കാണുന്നതിനായി ദീപ മകനും സുഹൃത്തിനും ഒപ്പം എത്തി. ഇവിടെ വച്ച് വിമുക്ത ഭടന് അളവിൽ കൂടുതൽ മദ്യം നൽകിയശേഷം മർദിക്കുകയും പണവും സ്വർണവും കവരുകയുമായിരുന്നു. വിമുക്ത ഭടന്റെ മാല, ബ്രേസ്‍ലറ്റ്, മൂന്ന് സ്വർണമോതിരം അടക്കം ഒൻപത് പവൻ സ്വർണവും ഫോൺ, പഴ്സ് തുടങ്ങിയ വസ്തുക്കളാണ് സംഘം മോഷ്ടിച്ചത്. സംഭവത്തിനു ശേഷം ഫോൺ ഓഫാക്കി പ്രതികൾ ധ്യാനം കൂടാൻ പോവുകയായിരുന്നു.