സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ലോക്കറിൽ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വർണവും കണ്ടെത്തി. എൻ ഐ എ കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ് ഇത്രയുമധികം തുകയും സ്വർണവും കണ്ടെത്തിയത്. എന്നാൽ ഷെയ്ഖ് സമ്മാനമായി നൽകിയതാണ് ഇവയെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു
ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വർണവുമാണ് കണ്ടെത്തിയത്. ഇത്രയുമധികം സ്വത്ത് ഇവരുടെ അക്കൗണ്ടിൽ കണ്ടെത്തുക അസ്വാഭാവികമാണെന്ന് എൻ ഐ എ ചൂണ്ടിക്കാട്ടി. പണത്തിന്റെ സ്രോതസ്സ് കണ്ടെത്തേണ്ടതുണ്ട്. അക്കൗണ്ടുകളുടെ രേഖകളും മറ്റും എൻ ഐ എ പിടിച്ചെടുത്തു. ഈ രേഖകളിലാണ് പലയിടത്തായി സൂക്ഷിച്ച പണവും സ്വർണവും സംബന്ധിച്ച വിവരങ്ങളുണ്ടായിരുന്നത്.
യുഎഇലാണ് സ്വപ്‌ന താമസിച്ചിരുന്നത്. സ്വപ്‌നയുടെ വിവാഹ സമയത്ത് ഷെയ്ഖ് സമ്മാനിച്ചതാണ് സ്വർണവും പണവും. ഇത് സൂക്ഷിച്ച് വെച്ചതാണെന്നും അഭിഭാഷകൻ കോടതിയിൽ അവകാശപ്പെട്ടു