സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. എൻ ഐ എ കോടതിയിൽ വെച്ചാണ് രണ്ട് പ്രതികളുടെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്.
എൻ ഐ എയുടെ കസ്റ്റഡിയിലായിരുന്നു രണ്ട് പ്രതികളും. ഇരുവരുടെയും റിമാൻഡ് കാലാവധി അടുത്ത മാസം 21 വരെ നീട്ടിയിട്ടുണ്ട്. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങാൻ കസ്റ്റംസ് തിങ്കളാഴ്ച അപേക്ഷ സമർപ്പിക്കും.
അതേസമയം സ്വപ്‌ന സുരേഷ് നൽകിയ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിച്ചില്ല. ഇത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും തീവ്രവാദ സ്വഭാവമില്ലെന്നും സ്വപ്‌ന വാദിക്കുന്നുണ്ട്. സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ഇവർ ജാമ്യാപേക്ഷയിൽ പറയുന്നത്.