സ്വപ്‌നയും സന്ദീപും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത് നിർണായക വിവരങ്ങൾ; പല ഉന്നതരും കുടുങ്ങും

സ്വർണക്കടത്ത് കേസിൽ എൻ ഐ എയുടെ കസ്റ്റഡിയിലുള്ള സ്വപ്‌ന സുരേഷും സന്ദീപ് നായരും ചോദ്യം ചെയ്യലിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയതായി സൂചന. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും കേസിൽ ഉൾപ്പെട്ടവരുടെ പേരുകളും ഇരുവരും എൻ ഐ എയെ അറിയിച്ചിട്ടുണ്ട്.

കേസിൽ നേരിട്ടും അല്ലാതെയും പങ്കാളിത്തമുള്ളവരുടെ പട്ടികയിൽ പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എൻ ഐ എ വൃത്തങ്ങൾ പറയുന്നത്. ഒരുപക്ഷേ കേരളത്തെ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാകാം അടുത്ത ദിവസങ്ങളിൽ പുറത്തുവരികയെന്നാണ് അറിയാനാകുന്നത്.

കേസിൽ ഇരുവരെയും കസ്റ്റംസിന് ഇതുവരെ ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. എൻ ഐ എ കസ്റ്റഡി കാലാവധി തീർന്ന ശേഷമാകും ഇരുവരെയും കസ്റ്റംസ് ചോദ്യം ചെയ്യലിനായി വാങ്ങുക. കേസിൽ എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും.