സ്വപ്‌നയും സന്ദീപുമായി എൻഐഎ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു

തിരുവനന്തം സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും എൻഐഎ ഇന്ന് കൊച്ചിയിലെത്തിക്കും. സംഘം ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു.

റോഡ് മാർഗമാണ് കുറ്റാരോപിതരുമൊത്ത് അന്വേഷണ സംഘം കൊച്ചിയിലെത്തുന്നത്. പ്രതികളെ ചോദ്യം ചെയ്യാൻ ദേശീയ ഏജൻസികൾ കൊച്ചിയിലെ എൻഐഎയുടെ ഓഫിസിൽ എത്തിയിട്ടുണ്ട്. കസ്റ്റംസ്, റോ, ഇൻറലിജൻസ് തുടങ്ങിയ ദേശീയ ഏജൻസികളുടെ ഉദ്യോഗസ്ഥരാണ് എത്തിച്ചേർന്നിരിക്കുന്നത്.
ഇന്നലെയാണ് സ്വപ്‌ന സുരേഷും സന്ദീപ് നായരും അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. ബംഗളൂരുവിൽ വച്ചാണ് ഇരുവരും പിടിയിലാകുന്നത്. കസ്റ്റംസും എൻഐഎയും സംയുക്തമായി ചേർന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്. സന്ദീപ് നായരിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഭിഭാഷകന്റെ നിർദേശ പ്രകാരമാണ് സ്വപ്‌ന ബംഗളൂരുവിലേക്ക് കടന്നത്. കസ്റ്റംസിന് ഇന്നലെ തന്നെ ഇത് സംബന്ധിച്ച് സൂചനകൾ ലഭിച്ചിരുന്നു. കുടുംബത്തോടൊപ്പമാണ് സ്വപ്‌ന ബംഗളൂരുവിലേക്ക് കടന്നത്. സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു.

സ്വപ്‌നയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയാണ്. എന്നാൽ അതുവരെ അറസ്റ്റിന് വിലക്കില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിവിധ ഏജൻസികൾ ഒരുമിച്ച് സ്വപ്നയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു. കേന്ദ്ര ഇന്റലിജൻസ് ഏജൻസിയും അന്വേഷണ ഏജൻസികൾക്ക് വേണ്ട വിവരങ്ങൾ നൽകുന്നുണ്ടായിരുന്നു.