Headlines

അന്ന് സ്റ്റേറ്റില്‍ മത്സരിക്കാന്‍ റൈഫില്‍ കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില്‍ വിദര്‍ശ

ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെള്ളി മെഡലുകള്‍ രാജ്യത്തിനായി സ്വന്തമാക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് വിദര്‍ശ വിനോദ് ട്വന്റിഫോറിനോട്. ഒരു തവണയെങ്കിലും എല്ലാവരും തന്റെ പേര് അറിയണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അത് ഇന്ന് സാധിച്ചുവെന്നും വിദര്‍ശ പറഞ്ഞു. (Vidarsha Vinod on her silver medal achievement)

ഷൂട്ടിംഗ് എക്‌പെന്‍സീവായ ഫീല്‍ഡായതുകൊണ്ട് തന്നെ തുടര്‍ന്നുകൊണ്ടുപോകാന്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിച്ചിരുന്നുവെന്ന് വിദര്‍ശ പറഞ്ഞു. ഷൂട്ടിംഗിനോട് ഒരുപാട് ഇഷ്ടമുണ്ടായിരുന്നു. അതുകൊണ്ടാണ് മുന്നോട്ട് പോയത്. 2019ലെ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ എനിക്ക് രണ്ട് റൈഫിളുകളുമുണ്ടായിരുന്നില്ല. എയര്‍ റൈഫിള്‍ മത്സരത്തിന് വേണ്ടി എന്റെ അസോസിയേഷനിലുള്ള ഒരു കുട്ടിയോട് അവന്‍ ഉപയോഗിക്കാതെ വച്ചിരുന്ന റൈഫിള്‍ കടം വാങ്ങി. തലേദിവസം പോയി നിന്റെ റൈഫില്‍ എടുത്തോട്ടെ എന്ന് ചോദിച്ചാണ് മത്സരിച്ചത്. അന്ന് സ്‌റ്റേറ്റില്‍ ഗോള്‍ഡ് ഉണ്ടായിരുന്നു. രണ്ട് മാസം മുന്‍പാണ് സ്വന്തം റൈഫിള്‍ വാങ്ങിയത്. അതാണ് ഏഷ്യന്‍ ഗെയിംസില്‍ ഉപയോഗിച്ചത് – വിദര്‍ശ പറഞ്ഞു.കേരളത്തില്‍ നിന്നും ഓഫര്‍ വന്നാല്‍ ഇവിടെ തന്നെ തുടരുമെന്നും വിദര്‍ശ പറയുന്നു. എനിക്ക് കേരളം വിട്ട് പോകാന്‍ താത്പര്യമില്ല. നല്ലൊരു ജോലി കിട്ടുകയാണെങ്കില്‍ ഇവിടെ തന്നെ തുടരും – അവര്‍ പറഞ്ഞു. ഒളിംപിക്‌സാണ് തന്റെ അടുത്ത ലക്ഷ്യമെന്നും വിദര്‍ശ പറഞ്ഞു. അടുത്തമാസം ദോഹയില്‍ വച്ച് നടക്കുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ പരിശീലനമാണ് ഇനി വിദര്‍ശയ്ക്ക് മുന്നിലുള്ളത്.

വനിതകളുടെ 50 മീറ്റര്‍ ത്രീ റൈഫിള്‍ വിഭാഗത്തിലാണ് വിദര്‍ശ വീണ്ടും വെള്ളി മെഡല്‍ നേടിയത്. വിദര്‍ശ, തിലോത്തമ സെന്‍, അഷി ചോക്‌സി എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് മെഡല്‍ നേടിയത്. വിദര്‍ശയും തിലോത്തമയും വ്യക്തിഗത ഇനത്തില്‍ ഫൈനലിനും യോഗ്യത നേടി. നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ വിദര്‍ശയ്ക്ക് വെള്ളി മെഡല്‍ ലഭിച്ചിരുന്നു. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദര്‍ശ.