കുട്ടികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കാനാണ് ഗ്രേസ് മാര്‍ക്ക് നല്‍കാനൊരുങ്ങുന്നത്.
തിരുവനന്തപുരം: കുട്ടികളിലെ വായനാശീലം വളര്‍ത്താന്‍ 10 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കാനാണ് ഗ്രേസ് മാര്‍ക്ക് നല്‍കാനൊരുങ്ങുന്നത്. ഇന്നത്തെ കുട്ടികളില്‍ വായനാശീലം കുറവാണെന്നും പത്രങ്ങളും പുസ്തകങ്ങളും കുട്ടികള്‍ വായിക്കുന്നില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം മുതല്‍ മാര്‍ക്ക് നല്‍കും. ഗ്രേസ് മാര്‍ക്ക് ലഭിക്കാന്‍ ഇപ്പോഴേ വായിച്ച് തുടങ്ങിക്കോളൂവെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി വീണ്ടും ഇക്കാര്യം പരാമര്‍ശിച്ചത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അനുയോജ്യമായ വായനാ പ്രവര്‍ത്തനങ്ങളും അഞ്ച് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികള്‍ക്ക് പത്രം വായനയും തുടര്‍പ്രവര്‍ത്തനങ്ങളും നല്‍കുന്നതിനായി ആഴ്ചയില്‍ ഒരു പിരീഡ് മാറ്റിവെക്കുമെന്നും അന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. വായനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യും.കലോത്സവത്തില്‍ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.








