കർണാടകയിൽ ഒമ്പതു വയസുകാരന് അധ്യാപകന്റെ ക്രൂര മർദനം. മുത്തശ്ശിയെ ഫോണിൽ വിളിച്ചതിന്റെ പേരിൽ നായ്ക്കനഹട്ടി സംസ്കൃത വേദവിദ്യാലയത്തിലെ പ്രധാന അധ്യാപകനാണ് കുട്ടിയെ നിലത്തിട്ട് ചവിട്ടിയത്. വീരേഷ് ഹിരാമത്ത് എന്ന അധ്യാപകൻ കുട്ടിയെ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയായിരുന്നു.
എന്തിന് വിളിച്ചു? ആരോട് ചോദിച്ചു വിളിച്ചു എന്നീ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു ക്രൂര മർദനം. വിഡിയോ പുറത്തുവന്നതോട് ക്ഷേത്രം ട്രസ്റ്റി ഗംഗാധരപ്പ, പ്രധാന അധ്യാപകനെതിരെ നായ്ക്കനഹട്ടി പൊലീസിൽ പരാതി നൽകി. ഒളിവിൽപോയ അധ്യാപകനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രധാനാധ്യാപകനെതിരെ പൊലീസിൽ പരാതി നൽകി. പ്രധാനാധ്യാപാകൻ തങ്ങളെയും ഭീഷണിപ്പെടുത്താറുണ്ടെന്ന് മറ്റ് കുട്ടികൾ പറയുന്നു.
ചിത്രദുർഗ ജില്ലയിൽ ഗുരു തിപ്പെ രുദ്രസ്വാമി ക്ഷേത്രത്തിന് കീഴിൽ റസിഡൻഷ്യൽ സ്കൂളായി പ്രവർത്തിക്കുന്ന ഇവിടെ ആദ്യ ഘട്ടത്തിൽ മുപ്പതോളം കുട്ടികളുണ്ടായിരുന്നു. പ്രധാന അധ്യാപകന്റെ ക്രൂരത ഭയന്ന് പലരും സ്ഥലംവിട്ടു. ഇപ്പോൾ പത്തിൽ താഴെ കുട്ടികൾ മാത്രമാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്.