പുതിയ ആപ്പ് പുറത്തിറക്കി ഗൂഗിൾ; മാതാപിതാക്കൾക്ക് അവരുടെ ഫോണിൽ കുട്ടികളുടെ ഫോൺ നിയന്ത്രിക്കാം

 

മൊബൈൽ ഫോണിൽ മുങ്ങിപ്പോയ കുട്ടികളെയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഓൺലൈൻ ക്ലാസ്സ്‌ കൂടെ ആയതോടെ ഫോൺ അവരുടെ കൈകളിൽ തന്നെ ആയി. എത്രയൊക്കെ ശ്രദ്ധിച്ചാലും കുട്ടികൾ മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് ചില കുരുത്തക്കേടുകൾ ഒക്കെ ഒപ്പിക്കും. നമ്മുടെ കുട്ടികളുടെ ഫോൺ നമുക്ക് നമ്മുടെ ഫോണിൽ നിന്ന് നിയന്ത്രിക്കാൻ സാധിച്ചാലോ? ഇത്തരൊരു സംവിധാനം ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ. കുട്ടികൾ ചെയ്യുന്നത് എന്തൊക്കെയെന്ന് മാതാപിതാക്കൾക്ക് അവരുടെ ഫോൺ വഴി കാണാവുന്നതാണ്. ഇതിനായി പ്രത്യേക ആപ്പ് തന്നെ ഗൂഗിൾ പുറത്തിറക്കിയിരിക്കുകയാണ്.

മക്കൾ ഉപയോഗിക്കുന്ന ഫോൺ മാതാപിതാക്കൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന ആപ്പാണ് ഫാമിലി ലിങ്ക് (ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ പാരെന്റ്സ്) എന്നത്. ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്, മാതാപിതാക്കളുടെ ഫോണിൽ ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ പാരെന്റ്സ് എന്ന ആപ്പാണ് ഡൗൺലോഡ് ചെയ്യേണ്ടത് എന്നാണ്. കുട്ടികൾ ഉപയോഗിക്കുന്ന ഫോണിൽ ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ ചിൽഡ്രൻ ആൻഡ് ടീനേജേഴ്സ് എന്ന ആപ്പും ഡൗൺലോഡ് ചെയ്യുക. മാതാപിതാക്കളുടെ ഫോണിൽ മെയിൽ ഐ.ഡിയും മറ്റ് വിവരങ്ങളും നൽകി പ്രോസസ്സ് പൂർത്തിയാക്കുക.

കുട്ടികളുടെ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം ആഡ് അക്കൗണ്ടിൽ കുട്ടികളുടെ പേരിൽ മെയിൽ ഐഡി കൊടുത്ത് ലോഗ് ഇൻ ചെയ്യുക. ശേഷം മാതാപിതാക്കളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്യുക. കുട്ടികളുടെ മെയിൽ ഐഡിയുടെ പാസ്‌വേഡ് കൊടുത്ത ശേഷം പ്രോസസ് പൂർത്തിയാക്കുക. ഇങ്ങനെ ചെയ്‌താൽ കുട്ടികൾ അവരുടെ ഫോണിൽ ഉപയോഗിക്കുന്ന ആപ്പുകൾ ഏതൊക്കെയാണെന്ന് റിവ്യൂ ആപ്പിൽ വ്യക്തമായി കാണാം. മാതാപിതാക്കളുടെ ഫോണുമായി കുട്ടികളുടെ ഫോൺ കണക്ട് ചെയ്തിരിക്കുന്നതിനാൽ കുട്ടികൾക്ക് ഈ ആപ്പ് അവരുടെ ഫോണിൽ നിന്നും അൺഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല.

ആപ്പ് ഡിലീറ്റ് ചെയ്യാൻ കുട്ടികൾ ശ്രമിച്ചാൽ അതിന്റെ റിക്വസ്റ്റ് പോവുക മാതാപിതാക്കളുടെ ഫോണിലേക്കാണ്. മാതാപിതാക്കൾ ഇത് അപ്പ്രൂവൽ ചെയ്‌താൽ മാത്രമേ കുട്ടികളുടെ ഫോണിൽ നിന്നും ഈ ആപ്പ് ഡിലീറ്റ് ആവുകയുള്ളൂ. കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഏത് ആപ്പ് ആണെന്ന് മാതാപിതാക്കളുടെ ഫോണിൽ വ്യക്തമായി കാണാൻ സാധിക്കും. യൂട്യൂബ് ആണ് അവർ കൂടുതൽ ഉപയോഗിക്കുന്നതെങ്കിൽ മാതാപിതാക്കൾക്ക് അവരുടെ ഫോണിൽ ടൈമിംഗ് സെറ്റ് ചെയ്‌തുവെയ്ക്കാൻ സാധിക്കും. 15 എന്ന ടൈമിംഗ് സെറ്റ് ചെയ്ത് കഴിഞ്ഞാൽ പിന്നീട് കുട്ടികൾക്ക് ആ സമയത്തിനപ്പുറം യൂട്യൂബ് ഓപ്പൺ ആവുകയില്ല. . ഓരോ ആപ്പ്ളിക്കേഷനുകളും ഇങ്ങനെ ടൈമിംഗ് സെറ്റ് ചെയ്‌തുവെയ്ക്കാൻ സാധിക്കും.