ഓരോ വാർഡിലും കളിയിടങ്ങൾ വേണം; അസാധാരണ ദൗത്യവുമായി ഫുട്​ബാൾ പരിശീലകന്‍റെ യാത്ര

 

കോഴിക്കോട്‌ കൂട്ടുകാരുമെത്ത്‌ പന്ത്‌ തട്ടിയ കളിസ്ഥലം നഷ്ടപ്പെട്ടത്‌ ആ കുഞ്ഞുമനസ്സിലുണ്ടാക്കിയ വേദന വലുതാണ്‌. അവൻ വളർന്ന്‌ നാടറിയുന്ന ഫുട്‌ബോൾ കളിക്കാരനായും പിന്നീട്‌ പരിശീലനകനായും മാറിയപ്പോൾ കളിസ്ഥലത്തിന്റെ ആവശ്യകത വിവരിച്ച്‌ നാടുനീളെ സഞ്ചരിക്കുകയാണ്‌.

കാൽപന്തുകളിയെ നെഞ്ചോട്‌ ചേർത്ത്‌ ആരാധിക്കുന്ന, വളരുന്ന തലമുറയ്‌ക്ക്‌ കളിയുടെ പാഠങ്ങൾ പകരുന്ന പ്രസാദ്‌ വി ഹരിദാസനാണ്‌ പുതുദൗത്യം ഏറ്റെടുത്തത്‌.‘വരണം നാടുനീളെ കളിസ്ഥലങ്ങൾ…’ എന്ന ആവശ്യവുമായി വിവിധ ഇടങ്ങൾ സഞ്ചരിച്ച് നാടിന്റെ കായിക സംസ്‌കാരം മാറ്റാനുള്ള ശ്രമത്തിലാണ്‌ കളിക്കാരനും കളിയെഴുത്തുകാരനുമായ പ്രസാദ്‌. ഇക്കാര്യം വിശദീകരിച്ച്‌ ‘ജേണി ടു ദ ഗോൾ’ എന്ന ഡോക്യുമെന്ററിയും ‘കളി കളിസ്ഥലം പരിപാലനം’ എന്ന പേരിൽ പുസ്‌തകവുമിറക്കി .സ്‌കൂളിൽ പഠിക്കുമ്പോഴാണ്‌ പന്നിയങ്കര സ്വദേശിയായ പ്രസാദിന്‌ ഫുട്‌ബോളിനോട്‌ പ്രിയം കൂടുന്നത്‌.

വൈകുന്നേരങ്ങളിൽ വീടിന്‌ സമീപമുള്ള മൈതാനത്തായി കളി. എന്നാൽ അധികനാൾ പിന്നിടുമ്പോഴേക്കും മൈതാനം ഇല്ലാതായി. ബിഎസ്‌എൻഎൽ ഫുട്‌ബോൾ കേരള ക്യാപ്റ്റനും ദേശീയതാരവുമായി മാറിയപ്പോഴും ഗ്രാമങ്ങളിലെ കളിസ്ഥലത്തിന്റെ ആവശ്യകതയും കൃത്യമായി പരിപാലിക്കേണ്ടതുമെല്ലാം തിരിച്ചറിഞ്ഞു.

കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച്‌ പ്രദേശത്തിന്റെ പ്രത്യേകതകൾ തിരിച്ചറിച്ച്‌ ഏതെല്ലാം കായിക ഇനങ്ങളാണ്‌ അനുയോജ്യമെന്ന്‌ ജനപ്രതിനിധികളെ കണ്ട്‌ അവതരിപ്പിക്കുകയാണ്‌ ലക്ഷ്യം. ആദ്യഘട്ടമായി കോർപറേഷൻ കൗൺസിലർമാരുമായി ആശയം പങ്കിട്ടു. എറണാകുളം, പാലക്കാട്‌ എന്നിവിടങ്ങളിലും എത്തി. ജനപ്രതിനിധികളിൽനിന്ന്‌ മികച്ച പ്രതികരണമാണെന്ന്‌ പ്രസാദ്‌ പറഞ്ഞു.‌

കോഴിക്കോട്‌ ബിഎസ്‌എൻഎൽ ജീവനക്കാരനാണ്‌ പ്രസാദ്. മുൻ മോഹൻബഗാൻ താരമായ നിയാസ്‌ റഹ്മാനുമായി ചേർന്ന്‌ കേരള ഫുട്ബോൾ ട്രെയി‌നിങ്‌ സെന്ററും നടത്തുന്നു.