Headlines

സസ്പെൻസ് ത്രില്ലർ കാത്ത് പുന്നമട കായൽ; വൻ സുരക്ഷാ ക്രമീകരണവുമായി പൊലീസ്: ആലപ്പുഴയിൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ ∙ പുന്നമടക്കായലിൽ ആവേശത്തിന്റെ ഓളം സൃഷ്ടിക്കാൻ ഒരു പകലിനപ്പുറം നെഹ്റു ട്രോഫി. നാളെ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിക്കായി പുന്നമട ഒരുങ്ങിയെന്നും തയാറെടുപ്പുകൾ പുരോഗമിക്കുന്നുവെന്നും കലക്ടർ ഷാജി വി.നായർ, ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ് എന്നിവർ അറിയിച്ചു. നെഹ്‌റു പവിലിയന്റെയും താൽക്കാലിക ഗാലറികളുടെയും നിർമാണം അവസാന ഘട്ടത്തിലെത്തി. യന്ത്രവത്കൃത സ്റ്റാർട്ടിങ് സംവിധാനവും ഫോട്ടോ ഫിനിഷിങ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. വള്ളംകളി കാണാനെത്തുന്നവർക്കായി കൂടുതൽ ബോട്ടുകളും ബസുകളും ഏർപ്പെടുത്തി. അയൽ ജില്ലകളിലെ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകിട്ട് തിരികെയും പ്രത്യേക സർവീസുകളുണ്ടാകും. ഇതിനുപുറമേ വള്ളംകളി കാണുന്നതിനായി കെഎസ്ആർടിസി ബജറ്റ് സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവും ഹെൽപ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്.

സമ്മാനത്തുക വർധന; മത്സരം കടുക്കും
ആലപ്പുഴ ∙ നെഹ്റു ട്രോഫി സമ്മാനത്തുകയിൽ വൻവർധന വരുത്തിയ ശേഷമുള്ള ആദ്യ വള്ളംകളി ആയതിനാൽ നാളെ പുന്നമടക്കായലിൽ കടുത്ത മത്സരം നടക്കും. ആകെ 5 ലക്ഷം രൂപയുണ്ടായിരുന്ന സമ്മാനത്തുക ഇത്തവണ ആദ്യ 4 സ്ഥാനങ്ങൾക്ക് 25, 20, 15, 10 ലക്ഷം രൂപയാക്കി വർധിപ്പിച്ചിരുന്നു. ക്ലബ്ബുകൾക്കുള്ള ബോണസും വള്ളങ്ങൾക്കുള്ള മെയ്ന്റനൻസ് ഗ്രാന്റും 25% വർധിപ്പിച്ചിട്ടുണ്ട്. നെഹ്റു ട്രോഫി മത്സരത്തിനു സംസ്ഥാന സർക്കാർ നൽകുന്ന ഗ്രാന്റ് ഒരു കോടിയിൽ നിന്ന് 2 കോടി രൂപയാക്കിയും വർധിപ്പിച്ചിരുന്നു. മികച്ച സമയം കുറിക്കുന്ന 4 വള്ളങ്ങളാണ് ഫൈനലിലെത്തുക. എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. 21 ചുണ്ടൻ വള്ളങ്ങളടക്കം വിവിധ വിഭാഗങ്ങളിലായി 70 വള്ളങ്ങൾ ഇക്കുറി മാറ്റുരയ്ക്കും. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.
ടിക്കറ്റ് വിൽപനയിൽ വൻ വർധന
നെഹ്റു ട്രോഫി ടിക്കറ്റ് വിൽപനയിൽ ഇക്കുറി വൻവർധന. പല ടിക്കറ്റുകളുടെയും വിൽപന ഇതോടെ നിർത്തി. 25,000, 3000 രൂപയുടെ ഉൾപ്പെടെ പല ടിക്കറ്റുകളുടെയും വിൽപന നിർത്തിവച്ചു. ഇത്തവണ ആദ്യമായി ഒരു ലക്ഷം രൂപയുടെ കോർപറേറ്റ് ബോക്‌സ് എന്ന പുതിയ ടിക്കറ്റും അവതരിപ്പിച്ചിരുന്നു. 5 ജില്ലകളിലെ സർക്കാർ ഓഫിസുകൾ വഴിയും നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായുമാണ് വിൽപന നടക്കുന്നത്.

നാല് ബോട്ട്ജെട്ടിയിലൂടെ എത്തിക്കും
4 ബോട്ട് ജെട്ടികളിലൂടെ പ്രധാന വ്യക്തികളെ മത്സരവേദിയിലേക്ക് എത്തിക്കും. വിവിഐപികളെ ലേക്ക് പാലസ് ജെട്ടിയിൽ നിന്നും കോർപറേറ്റ്, പ്ലാറ്റിനം ടിക്കറ്റുകളുമായി വരുന്നവരെ മാളിയേക്കൽ ജെട്ടിയിൽ നിന്നും ഗോൾഡ്, സിൽവർ ടിക്കറ്റുള്ളവരെ മാതാ ജെട്ടിയിൽ നിന്നും നഗരസഭാ കൗൺസിലർമാരെയും കോംപ്ലിമെന്ററി പാസുള്ളവരെയും രാജീവ് ജെട്ടിയിൽ നിന്നും മാധ്യമപ്രവർത്തകരെ എസ്ഡബ്ല്യുടി പമ്പ് ജെട്ടിയിൽ നിന്നും എത്തിക്കും.

പാസുള്ളവർക്ക് മാത്രം പ്രവേശനം
പാസുള്ളവർക്കു മാത്രമാണ് വള്ളംകളി കാണുന്നതിന് ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിങ് പോയിന്റിലേക്കുള്ള റോഡിൽ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. ക്യുആർ കോഡ് പതിച്ച ടിക്കറ്റുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാസില്ലാതെ കയറുന്നവർക്കും വ്യാജ പാസുകളുമായി എത്തുന്നവർക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവർക്കും എതിരെ കർശന നടപടിയെടുക്കും. വള്ളംകളി കഴിഞ്ഞ് നെഹ്‌റു പവിലിയനിൽ നിന്ന് തിരികെ പോകുന്നവർക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

നെഹ്റു ട്രോഫി വള്ളംകളി: ഗതാഗത ക്രമീകരണം

21ന് ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് 6 വരെ നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കു കല്ലുപാലത്തിൽനിന്നു വടക്കോട്ടും പിച്ചു അയ്യർ ജംക്‌ഷനു കിഴക്കോട്ടും പ്രവേശനം അനുവദിക്കില്ല.
22ന് രാവിലെ 9 മുതൽ ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗതം നിയന്ത്രിക്കും.
ജില്ലാ കോടതി പാലം പണികളും നടക്കുന്നതിനാൽ ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് 6 വരെ കെഎസ്ആർടിസി ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്കു വിടില്ല. ചങ്ങനാശേരി, കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളിലേക്കു പോകാൻ എറണാകുളം ഭാഗത്തുനിന്നുള്ള ബസുകൾ ശവക്കോട്ടപ്പാലം വടക്കേ ജംക്‌ഷനിൽനിന്നു കിഴക്കോട്ടു തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി ആളെയിറക്കി വൈഎംസിഎ ജംക്‌ഷൻ, ജനറൽ ആശുപത്രി ജംക്‌ഷൻ വഴി തെക്കോട്ടു പോകണം.
കൊല്ലം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കുള്ളവ ജനറൽ ആശുപത്രി ജംക്‌ഷൻ, വൈഎംസിഎ ജംക്‌ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി ആളെയിറക്കി ശവക്കോട്ടപ്പാലം തെക്കേ ജംക്‌ഷൻ വഴി പോകണം.
എസി റോഡിലൂടെ എത്തുന്ന ബസുകളിൽ ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ടവ കൈതവന ജംക്‌ഷനിൽനിന്നു പഴവീട്, കൊട്ടാരം ജംക്‌ഷനിലെത്തി ആളെയിറക്കി ജനറൽ ആശുപത്രി തെക്കേ ജംക്‌ഷൻ, ചങ്ങനാശേരി ജംക്‌ഷൻ വഴി തിരികെ പോകണം.
22ന് രാവിലെ 6 മുതൽ ആലപ്പുഴ നഗരത്തിൽ ജനറൽ ആശുപത്രി ജംക്‌ഷനു വടക്കു മുതൽ കൈചൂണ്ടി ജംക്‌ഷൻ, കൊമ്മാടി ജംക്‌ഷൻ വരെയുള്ള റോഡരികുകളിൽ പാർക്കിങ് അനുവദിക്കില്ല.
22ന് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പൊലീസ് കൺട്രോൾ റൂം ജംക്‌ഷൻ മുതൽ കിഴക്കോട്ടു തത്തംപള്ളി കായൽ കുരിശടി ജംക്‌ഷൻ വരെ വാഹനഗതാഗതം അനുവദിക്കില്ല.
വള്ളംകളി കാണാൻ സ്വകാര്യ വാഹനങ്ങളിൽ തണ്ണീർമുക്കം വഴി എത്തുന്നവർ കൈചൂണ്ടി ജംക്‌ഷനിലും എറണാകുളം ഭാഗത്തുനിന്നുള്ളവർ വൈഎംസിഎ പാലത്തിലും ചങ്ങനാശേരി വഴി എത്തുന്നവർ കൊട്ടാരം പാലത്തിലും തിരുവനന്തപുരം ഭാഗത്തുനിന്നുള്ളവർ ജിഎച്ച് ജംക്‌ഷനിലും ആളെ ഇറക്കി വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പൊലീസ് എയ്ഡ് പോസ്റ്റിനു തെക്ക് എലിവേറ്റഡ് ബൈപ്പാസിനു താഴെയും പാർക്ക് ചെയ്യണം. പൊലീസ് പരേഡ് ഗ്രൗണ്ടിനു സമീപത്തുനിന്നു നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്കു കെഎസ്ആർടിസി ഫീഡർ സർവീസ് നടത്തും.

പൊലീസ് ക്രമീകരണങ്ങൾ

21 മുതൽ വാഹനഗതാഗതവും പാർക്കിങ്ങും നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
ജലമേളയുടെ ട്രാക്കിനു 2 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം താൽക്കാലിക റെഡ് സോണായി പ്രഖ്യാപിക്കും. അനുമതിയില്ലാത്ത ഡ്രോൺ ക്യാമറകൾ പിടിച്ചെടുക്കും.
22 രാവിലെ 6 മുതൽ ജലമേള അവസാനിക്കുന്നതു വരെ മത്സര, ഔദ്യോഗിക ജലയാനങ്ങളല്ലാത്തവയും പൊതുജനങ്ങളും റേസ് ട്രാക്കിൽ പ്രവേശിക്കുന്നതു നിരോധിച്ചിട്ടുണ്ട്.
സുരക്ഷാ ജോലിക്കും ഗതാഗത ക്രമീകരണങ്ങൾക്കുമായി പുന്നമടയും പരിസരങ്ങളും 16 സെക്ടറുകളായി തിരിച്ച് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 22 ഡിവൈഎസ്പി, 50 ഇൻസ്പെക്ടർ, 400 എസ്ഐ എന്നിവരുൾപ്പെടെ 1,700ൽ ഏറെ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും.
പുന്നമടക്കായലിലും ജനങ്ങളുടെ സുരക്ഷയ്ക്കായി 50 ബോട്ടുകളിലായി ഉദ്യോഗസ്ഥരെ വിന്യസിക്കും.
പുന്നമടയിലും പരിസരങ്ങളിലും ജനത്തിരക്കിനിടെ മാലമോഷണം, പോക്കറ്റടി തുടങ്ങിയവ തടയാൻ ഷാഡോ പൊലീസ്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കും.
22ന് രാവിലെ 8നു ശേഷം ഔദ്യോഗികമല്ലാത്ത ബോട്ടുകളും സ്പീഡ് ബോട്ടുകളും വള്ളങ്ങളും മത്സര ട്രാക്കിൽ പ്രവേശിച്ചാൽ അവ പിടിച്ചെടുക്കും. യാനങ്ങളുടെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും മൂന്ന് വർഷത്തേക്കെങ്കിലും സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകും.
അനൗൺസ്മെന്റ്, പരസ്യ ബോട്ടുകൾ രാവിലെ 8നു ശേഷം ട്രാക്കിലും പരിസരത്തും സഞ്ചരിക്കരുത്. മൈക്ക് സെറ്റ് പ്രവർത്തിപ്പിക്കരുത്. ഇതു ലംഘിച്ചാൽ മൈക്ക് സെറ്റ് ഉൾപ്പെടെ പിടിച്ചെടുത്തു ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകും.
22ന് രാവിലെ 10നു ശേഷം ‍ഡിടിപിസി ജെട്ടി മുതൽ പുന്നമടക്കായലിലേക്കും തിരിച്ചും ഔദ്യോഗിക ബോട്ടുകൾ മാത്രമേ സർവീസ് നടത്താൻ അനുവദിക്കൂ.
വള്ളംകളി കാണാൻ ബോട്ടിലെത്തുന്നവർ രാവിലെ 10നു മുൻപു സ്ഥലത്തെത്തണം. ഗാലറികളിൽ പ്രവേശിക്കുന്നവരും കരഭാഗത്തു നിൽക്കുന്നവരും കനാലിലേക്കും മറ്റും പ്ലാസ്റ്റിക് കുപ്പികളോ മറ്റു വസ്തുക്കളോ വലിച്ചെറിഞ്ഞാൽ അറസ്റ്റ് ചെയ്യും.
വള്ളംകളി നടക്കുന്ന സ്ഥലത്തും പരിസരങ്ങളിലും പരസ്യ മദ്യപാനം തടയാൻ ഷാഡോ പൊലീസ് പരിശോധന നടത്തും. പരസ്യമായി മദ്യം കൊണ്ടുനടക്കുന്നവരെയും പരസ്യമായി മദ്യപിക്കുന്നവരെയും ജനങ്ങൾക്കു പ്രയാസമുണ്ടാക്കുന്നവരെയും സ്ഥലത്തുനിന്നു നീക്കം ചെയ്തു കർശന നടപടിയെടുക്കും.