Headlines

‘എന്റെ പൊന്നേ…’: ദുബായിൽ ചരിത്ര കടമ്പയിലേക്ക് കുതിച്ച് സ്വർണവില; രാജ്യാന്തര വിപണിയിലും വൻ മുന്നേറ്റം

ദുബായ് ∙ രാജ്യാന്തര വിപണിയിലെ മുന്നേറ്റത്തിന് പിന്നാലെ ദുബായിൽ സ്വർണവില പുതിയ ഉയരങ്ങളിലേക്ക്. വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് മൂന്ന് ദിർഹം വർധിച്ച് 547 ദിർഹത്തിലെത്തി.
ഈ മാസം മാത്രം ഗ്രാമിന് 60 ദിർഹത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ആറ് ദിർഹത്തിന്റെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയതോടെ ഗ്രാമിന് 550 ദിർഹം എന്ന ചരിത്ര കടമ്പയിലേക്ക് കുതിക്കുകയാണ് ദുബായിലെ സ്വർണവിപണി.
ദുബായ് ജ്വല്ലറി ഗ്രൂപ്പ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം മറ്റ് വിഭാഗങ്ങളിലും വില വർധിച്ചിട്ടുണ്ട്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 506.50 ദിർഹവും 21 കാരറ്റിന് 485.75 ദിർഹവുമാണ് നിലവിലെ നിരക്ക്. 18 കാരറ്റ് സ്വർണം ഗ്രാമിന് 416.25 ദിർഹത്തിലാണ് വ്യാപാരം നടത്തുന്നത്. രാജ്യാന്തര വിപണിയിലും സ്വർണവില റെക്കോർഡ് കുതിപ്പിൽ തന്നെ.

സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 4,500 ഡോളറിന് മുകളിലെത്തി 4,536 ഡോളർ നിരക്കിൽ വ്യാപാരം തുടരുന്നു. മുൻവാരങ്ങളിലെ നേട്ടം നിലനിർത്തി തുടർച്ചയായ മൂന്നാം ആഴ്ചയിലും കരുത്തോടെ മുന്നേറുകയാണ് വിപണി. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ 4,000–4,100 ഡോളർ മേഖലയിൽ നിലയുറപ്പിച്ചിരുന്ന വിപണി പിന്നീട് ശക്തിയാർജിച്ച് 4,461–4,490 ഡോളർ പരിധി തിരികെപ്പിടിച്ചതായി ഈ രംഗത്തെ പ്രമുഖർ പറഞ്ഞു.