Headlines

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരായി ദേശീയ ടെസ്റ്റിങ് ഏജന്‍സി മേധാവി അഭിഷേക് സിങ്

 

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരായി ദേശീയ ടെസ്റ്റിങ് ഏജന്‍സി മേധാവി അഭിഷേക് സിങ്. കേസില്‍, മഹാരാഷ്ട്ര ലാത്തൂരിലെ ശിശുരോഗ വിദഗ്ധനെ കസ്റ്റഡിയിലെടുത്തു. ഡോക്ടര്‍ മനോജ് ഷിരോളെയാണ് സിബിഐ സംഘത്തിന്റെ കസ്റ്റഡിയിലായത്. ഇയാള്‍ ചോദ്യപേപ്പര്‍ വാങ്ങിയതിലും വിതരണം ചെയ്തതിലും പങ്കുണ്ടെന്നാണ് സംശയം.

കഴിഞ്ഞ ദിവസം മനോജ് ഷിരോളെയുടെ ക്ലിനിക്കിലും വീട്ടിലും സിബിഐ പരിശോധന നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് അധ്യക്ഷനായ പാര്‍ലമെന്ററി സമിതി നീറ്റ് വിഷയം ചര്‍ച്ച ചെയ്യും. കെ രാധാകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ കുറിച്ചും കൂടിയാലോചനകള്‍ നടത്തും. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ത്തുവാനാണ് കോണ്‍ഗ്രസ് തീരുമാനം. ജയ്പൂരിലെ ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്തി.

അതേസമയം, പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ പിന്തുണ വിദ്യാഭ്യാസമന്ത്രാലയം തേടി. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണമെന്നും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ നിര്‍ദ്ദേശം നല്‍കി.