കുമരകം ∙ കേന്ദ്ര ടൂറിസം മന്ത്രാലയം നടപ്പാക്കുന്ന സ്വദേശ് ദർശൻ 2.0 പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന കവണാറ്റിൻകര പക്ഷി സങ്കേതം മന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. കെടിഡിസിയുടെ കീഴിലുള്ള പക്ഷിസങ്കേതത്തിൽ 13.5 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നവീകരണ പദ്ധതി വരുന്ന മാസം പൂർത്തിയാക്കാൻ കഴിയുമെന്നു ഉദ്യോഗസ്ഥർ മന്ത്രിയോട് പറഞ്ഞു.
പക്ഷിസങ്കേതത്തിൽ പഴവർഗങ്ങളുടെ ഒരു സങ്കേതം കൂടിയാക്കണമെന്നും ഇത് വലയിട്ടു സംരക്ഷിക്കാൻ നടപടി വേണം. കണ്ടൽ ചെടികൾ എന്ന പോലെ പോലെ തന്നെ പ്രയോജനപ്പെടുന്ന പൂവരശും മറ്റ് വൃക്ഷങ്ങൾ കൂടി ഇവിടെ വച്ചു പിടിപ്പിക്കണമെന്നും മന്ത്രി നിർദേശം നൽകി. ഓക്സിജൻ ലവൽ അറിയാനുള്ള സംവിധാനം സങ്കേതത്തിൽ വേണം. ഓക്സിജൻ അളവ് കൂട്ടുന്നതിനായി കൂടുതൽ മരങ്ങൾ വച്ചു പിടിപ്പിക്കണം. പക്ഷിസങ്കേതത്തിൽ വിനോദ സഞ്ചാരികൾക്കായി ഒരുക്കുന്ന സൗകര്യങ്ങളെക്കുറിച്ചു ഉദ്യോഗസ്ഥർ വിശദീകരിച്ചു. പക്ഷിസങ്കേതത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഉള്ള കാര്യങ്ങളെക്കുറിച്ച് മന്ത്രി ചോദിച്ചറിഞ്ഞു.
കെടിഡിസിയിൽ നടന്ന ചർച്ചകൾക്ക് ശേഷമായിരുന്നു മന്ത്രി പക്ഷിസങ്കേതം സന്ദർശിച്ചത്. കായൽ തീരത്ത് നിന്ന് സ്പീഡ് ബോട്ടിൽ മന്ത്രി പാതിരാമണിലേക്ക് പോയി. കേന്ദ്ര ടൂറിസം മന്ത്രാലയം സെക്രട്ടറി സുവശിഷ് ദാസ്, അസിസ്റ്റന്റ് ഡയറക്ടർ നരേന്ദ്രൻ, കെടിഡിസി ജനറൽ മാനേജർ അബി ചന്ദ്രൻ, ജില്ലാ ടൂറിസം ഡപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്,ഡിടിപിസി സെക്രട്ടറി ആതിര സണ്ണി, ടൂറിസം ഇൻഫർമേഷൻ ഓഫിസർ നിസാർ, പ്രൊജക്ട് ഓഫിസർ സിമി എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.






