Headlines

റെയിൽവേ പാർക്കിങ്ങിൽ 7.56 കോടിയുടെ ജിഎസ്‌ടി വെട്ടിപ്പ്; 69 ഇടങ്ങളിൽ പരിശോധന

തിരുവനന്തപുരം∙ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിങ് കേന്ദ്രങ്ങളിൽ ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. റെയിൽവേ സ്റ്റേഷനുകളുടെ പരിസരങ്ങളിൽ വാഹന പാർക്കിങ് കരാർ എടുത്തിട്ടുള്ള 22 പേരുടെ ഓഫിസുകളിലും വീടുകളിലും ഉൾപ്പെടെ 69 ഇടങ്ങളിലാണു പരിശോധന നടത്തിയത്. ജിഎസ്‌ടി റിട്ടേണുകളിൽ കാണിച്ചിട്ടുള്ളതിനെക്കാൾ അധികം തുകയാണു പിരിച്ചെടുക്കുന്നതെന്നു തെളിഞ്ഞു.

ഒന്നിലേറെ ക്യുആർ കോഡുകൾ ഉപയോഗിച്ചുള്ള പണമിടപാടുകളും കണ്ടെത്തി. 42 കോടി രൂപയുടെ വരുമാനം പൂഴ്ത്തുകയും ഇതുവഴി 7.56 കോടിയുടെ നികുതിവെട്ടിപ്പ് നടത്തുകയും ചെയ്തു. സോഫ്റ്റ്‌വെയർ, രസീതുകൾ, എന്നിവ പരിശോധിച്ചാണ് കണക്കെടുപ്പ് നടത്തിയത്. കെഎസ്ആർടിസി സ്റ്റാൻഡുകൾ, ആശുപത്രികൾ, മാളുകൾ, തിയറ്ററുകൾ എന്നിവിടങ്ങളിലെ ആയിരത്തിലധികം വാഹന പാർക്കിങ് കേന്ദ്രങ്ങളുടെ വിവരങ്ങളും ഇന്റലിജൻസ് വിഭാഗം ശേഖരിച്ചിട്ടുണ്ട്.

ഈ മേഖലയിലെ നികുതി വെട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ രഹസ്യമായി വിവരങ്ങൾ കൈമാറാമെന്നും ജിഎസ്‌ടി വകുപ്പ് അറിയിച്ചു.