കൊച്ചി: ജിഎസ്‍ടി നിരക്കുകളിൽ വന്ന കുറവിന്‍റെ നേട്ടം സെപ്റ്റംബർ 22ന് ശേഷം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സെൻട്രൽ ജിഎസ്‍ടി ചീഫ് കമ്മീഷണർ എസ് കെ റഹ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട്. കേന്ദ്ര ജിഎസ്‍ടിയിലെയും കേരള ജിഎസ്‍ടിയിലെയും ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പാക്കാനായി ഉണ്ടാകും. എന്നാൽ ഇക്കാര്യത്തിനായി വിപണിയിൽ നേരിട്ട് ഇടപെടില്ലെന്നും സെൻട്രൽ ജിഎസ്ടി കമ്മീഷണർ വ്യക്തമാക്കി.
ജിഎസ്‍ടി നിരക്കുകളിൽ വന്ന കുറവിന്‍റെ നേട്ടം സെപ്റ്റംബർ 22ന് ശേഷം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. നികുതി ദായകരെ വിശ്വാസത്തിൽ എടുത്താണ് പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നത്. നിരക്ക് കുറവിന്‍റെ നേട്ടം ഉൽപാദകരും വിതരണക്കാരും സ്വമേധയാ ഉപഭോക്താക്കൾക്ക് കൈമാറുമന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കൾക്ക് നേട്ടം കൈമാറാതിരിക്കുന്നത് അനാവശ്യ റിസ്ക് എടുക്കലാകും, ഇത് ആരും ചെയ്യരുത് എന്നാണ് അഭ്യർത്ഥനയെന്നും എസ് കെ റഹ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബിസിനസ്സിൽ നേരിട്ട് ഇടപെട്ട് നികുതി മാറ്റം നടപ്പായോ എന്ന് പരിശോധിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും ജിഎസ്ടി കമ്മീഷണർ വ്യക്തമാക്കി. നികുതിദായകർ സ്വയം സാക്ഷ്യപ്പെടുത്തുന്ന കാര്യങ്ങൾ തന്നെയാണ് പരിഗണിക്കാറുള്ളത്. എന്നാൽ ഇക്കാര്യങ്ങൾ പരിശോധിക്കുവാൻ സംവിധാനങ്ങൾ ഉണ്ട്. നികുതി ദായകർ അനാവശ്യ റിസ്ക് എടുക്കരുത് എന്നാണ് അഭ്യർത്ഥനയെന്നും അദ്ദേഹം പറഞ്ഞു.