പ്രതിമാസം 30 യൂനിറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതിയെന്ന് മുഖ്യമന്ത്രി

 

കൊവിഡ് പശ്ചാത്തലത്തിൽ കെഎസ്ഇബി ആശ്വാസ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 1997 സെപ്റ്റംബർ 29 മുതൽ 500 വാട്‌സ് കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസം ശരാശരി ഉപഭോഗം 20 യൂനിറ്റ് മാത്രം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കൾക്ക് സർക്കാർ സബ്‌സിഡിയോടെ സൗജന്യമായി വൈദ്യുതി നൽകുന്ന പദ്ധതി, കണക്ടഡ് ലോഡ് വ്യത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂനിറ്റ് വരെ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് കൂടി ബാധകമാക്കും

ആയിരം വാട്‌സ് വരെ കണക്ടഡ് ലോഡുള്ളതും പ്രതിമാസം 40 യൂനിറ്റ് വരെ മാത്രം ഉപഭോഗം ഉള്ളതുമായ ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ യൂനിറ്റ് ഒന്നിന് നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് കണക്ടഡ് ലോഡ് പരിധി വ്യത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂനിറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കൾക്ക് കൂടി അനുവദിക്കും

വാണിജ്യ വ്യവസായിക ഉപഭോക്താക്കൾക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ്, ഡിമാൻഡ് ചാർജിൽ 25 ശതമാനം ഇളവ് നൽകും. സിനിമാ തീയറ്ററുകൾക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ്, ഡിമാൻഡ് ചാർജിൽ 50 ശതമാനം ഇളവ് നൽകും. ഇളവുകൾ കഴിച്ച് ബാക്കിയുള്ള തുക അടയ്ക്കുന്നതിന് സെപ്റ്റംബർ 30 വരെ പലിശരഹിതമായി മൂന്ന് തവണകൾ അുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.