ഗസ്സയിലെ വെടിനിർത്തൽ; UN രക്ഷാ സമിതിയുടെ പ്രമേയം അമേരിക്ക വീണ്ടും വീറ്റോ ചെയ്തു

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന യുഎൻ രക്ഷാ സമിതിയുടെ പ്രമേയം അമേരിക്ക വീണ്ടും വീറ്റോ ചെയ്തു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 14 അംഗങ്ങളും നിരുപാധികവും സ്ഥിരവുമായ അടിയന്തര വെടിനിർത്തലിനെ അനുകൂലിച്ചപ്പോൾ അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. ഇത് ആറാം തവണയാണ് രക്ഷാസമിതിയിൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്യുന്നത്.

ഹമാസിനെ അപലപിക്കുന്നതിലും ഇസ്രയേലിന്റെ സ്വയം പ്രതിരോധിക്കുന്നതിനുള്ള അവകാശം അംഗീകരിക്കുന്നതിലും പ്രമേയം പരാജയപ്പെട്ടെന്ന് അമേരിക്കയുടെ പശ്ചിമേഷ്യൻ ഉപ പ്രത്യേക പ്രതിനിധി മോർഗൻ ഒർടാഗസ്. അമേരിക്കയുടെ നീക്കം അങ്ങേയറ്റം ഖേദകരമാണെന്ന് ഐക്യരാഷ്ട്ര സഭയിലെ പലസ്തീൻ അംബാസിഡർ റിയാദ് മൻസൂർ.

ഗസ്സയിൽ കരയുദ്ധം തുടരുന്ന നാലാം ദിവസം ലെബനനിലേക്ക് കൂടി ആക്രമണം ഇസ്രയേൽ വ്യാപിപ്പിച്ചു. തെക്കൻ ഗസയിലേക്കുള്ള ഏക പാതയായ ആൽ റാഷിദ് തീരദേശ റോഡിൽ ജനങ്ങൾ തിങ്ങി നിറയുകയാണ്. അൽമവാസിയിൽ ഇനി ടെന്റുകൾ കെട്ടാൻ സ്ഥലമില്ലെന്ന് മനസിലാക്കി തിരിച്ച് സഞ്ചരിക്കുന്നവരും റോഡിലുണ്ട്. അൽ ഷിഫ, അൽ അഹ്ലി ആശുപത്രികൾക്കടുത്ത് നടന്ന് ആക്രമണത്തിൽ 19പോർ മരിച്ചതായാണ് വിവരങ്ങൾ. തെക്കൻ ലെബനണിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചു എന്നതാണ് ഏറ്റവും പുതിയ വിവരം.

അൽ-റാഷിദ് തീരദേശറോഡിനു പുറമേ, പലായനത്തിനായി തുറന്ന സലാ- അൽ-ദിൻ തെരുവിലൂടെയുള്ള പാത ഇന്ന് ഉച്ചയോടെ അടയ്ക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രയേലുമായുള്ള വ്യാപാരവ്യവസ്ഥകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ യൂറോപ്യൻ യൂണിയൻ ആഹ്വാനം ചെയ്തിരുന്നു.