Headlines

ഗസ്സയിലെ വെടിനിർത്തൽ; വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചെന്ന് ട്രംപ്

ഗസ്സയിൽ അറുപതു ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി വെടിനിർത്തൽ സമയത്ത് എല്ലാ കക്ഷികളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഖത്തറും ഈജിപ്തും അന്തിമനിർദ്ദേശം സമർപ്പിക്കും. ഹമാസ് കരാർ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോണൾഡ് ട്രംപ് പ്രതികരിച്ചു.

നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇസ്രയേൽ വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. വെടിനിർത്തലിനായി ഈജിപ്തും, ഖത്തറും വളരെയധികം സഹായിച്ചെന്ന് ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കയിലെ ഇസ്രയേൽ എംബസി ഇത് സ്ഥിരീകരിക്കുകയോ വിഷയത്തിൽ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഹമാസും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇസ്രയേലിൽ എത്തുന്നുണ്ട്. വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇറാനും ​ഗസ്സയുമായിരിക്കും ചർച്ചയിലെ വിഷയമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഗസ്സയിലെ വെടിനിർത്തൽ സംബന്ധിച്ച് സൂചനകൾ ട്രംപ് നൽകിയിരുന്നു.

2023 ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണത്തെ തുടർന്നാണ് ഇസ്രയേൽ ഗസ്സയിൽ ആക്രമണം ആരംഭിച്ചത്. ഹമാസ് ബന്ദികളാക്കിയ 250 പേരിൽ 50 പേർ തടങ്കലിൽ കഴിയുകയാണ്. ഇതിൽ 28 പേർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് അമേരിക്കയുടെ കണക്ക് കൂട്ടൽ. അതേസമയം ഇസ്രയേൽ ആക്രമണത്തിൽ ഗസ്സയിൽ 56,000 പേർക്കാണ് ജീവൻ നഷ്ടമായത്.