തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിലെ ഓണാഘോഷത്തിന്റെ തിരക്കിനിടയിൽ ലോക്ഭവൻ ഗേറ്റിന് സമീപം ഒരു അപ്രതീക്ഷിത സംഭവമാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനായി കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വാഹനത്തിൽ പുറത്തേക്ക് പോകുന്നതിനിടെയാണ് വഴിയാത്രക്കാരനായ ഗിരീഷ് പെട്ടെന്ന് തലകറങ്ങി റോഡിലേക്ക് വീണത്. ഷുഗർ കൂടിയതിനെ തുടർന്നാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് പിന്നീട് വ്യക്തമായത്.
ഒരു നിമിഷം പോലും വൈകാതെ ഗവർണർ തന്റെ വാഹനത്തിൽ നിന്ന് ഇറങ്ങി നേരെ ഗിരീഷിന്റെ അടുത്തേക്ക് ഓടി. റോഡിൽ വീണുകിടക്കുന്ന അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ ഗവർണർ സ്ഥിതിഗതികൾ വിലയിരുത്തി. ഏകദേശം 15 മിനിറ്റോളം അദ്ദേഹം അവിടെ തന്നെ നിന്നു, ഗിരീഷിന്റെ ആരോഗ്യനില നിരന്തരം പരിശോധിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകാൻ സ്റ്റാഫിന് നിർദേശം നൽകുകയും ചെയ്തു.
ഗവർണറുടെ സ്റ്റാഫ് ഉടൻ തന്നെ വെള്ളം എത്തിച്ച് ഗിരീഷിന് നൽകി, മുഖം കഴുകിക്കൊടുക്കുകയും ചെയ്തു. അതിനിടെ ഗിരീഷിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് കുടുംബാംഗങ്ങളെ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. വെള്ളയമ്പലത്ത് ആള്തറ ദേവീക്ഷേത്രത്തിന് സമീപമാണ് ഗിരീഷിന്റെ വീട്. എന്നാൽ കുടുംബം ദൂരെയായതിനാൽ ഉടൻ സ്ഥലത്തെത്താൻ സാധിച്ചില്ല.
സ്ഥിതി ഗുരുതരമാകാതിരിക്കാൻ ഗിരീഷിനെ ആദ്യം ആശുപത്രിയിലെത്തിച്ച് ആരോഗ്യനില പരിശോധിക്കണമെന്ന് ഗവർണർ നിർദേശിച്ചു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഉടൻ ഒരുക്കി.









