Headlines

കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് വിജയം: ചോദ്യം ചെയ്തുള്ള എം.എം.ആരിഫിന്റെ ഹർജി തള്ളി

 

കൊച്ചി ∙ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംപി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. മുൻ ആലപ്പുഴ എംപിയും സിപിഎം നേതാവുമായ എ.എം.ആരിഫ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ജി.ഗിരീഷിന്റെ ബെഞ്ച് തള്ളിയത്. 2024ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ കെ.സി. വേണുഗോപാൽ വിജയിച്ചിരുന്നു. 63,513 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ആരിഫിനെയാണ് കെ.സി.വേണുഗോപാൽ പരാജയപ്പെടുത്തിയത്. വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യാപകമായ ക്രമക്കേടുകളും അഴിമതിയും നടന്നിട്ടുണ്ടെന്നും അതിനാൽ അദ്ദേഹത്തിന്റെ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ആരിഫിന്റെ ആവശ്യം. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമടക്കം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സിവിൽ നടപടിക്രമങ്ങളുടെ ചട്ട പ്രകാരം പ്രാഥമിക ഘട്ടത്തിൽ തന്നെ ഹർജി നിലനിൽക്കില്ലെന്ന് കണ്ട് കോടതി ഇത് തള്ളുകയായിരുന്നു. ഉത്തരവിന്റെ പകർപ്പ് പുറത്തു വന്നാൽ മാത്രമേ ഹർജി തള്ളാനിടയായ വിശദാംശങ്ങള്‍ വ്യക്തമാവൂ. നേരത്തെ, മേയ് മാസത്തിൽ ഈ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ പിന്മാറിയതിനെ തുടർന്നാണ് കേസ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ബെഞ്ചിന് മുന്നിലെത്തിയത്.