മൂവാറ്റുപുഴ∙ വീണുപോയവന്റെ നിലവിളിയിൽ നിന്ന് ഉയർന്നുവന്നൊരാളുടെ കഥയാണ് ഏനാനല്ലൂർ കദളിക്കാട്ടിൽ സിബി ജോർജ് ജീവിതം കൊണ്ടെഴുതുന്നത്. പൈനാപ്പിൾ തോട്ടത്തിലെ വീഴ്ചയിൽ അവസാനിക്കേണ്ടതായിരുന്നു സിബിയുടെ ജീവിതം. ശരീരത്തിന്റെ ചലനശേഷി തകർന്നു കിടക്കുമ്പോൾ കൈമുതലായുണ്ടായിരുന്നത് ആത്മവിശ്വാസം മാത്രം. വേദനയുടെ ആഴങ്ങളിലേക്കും സിബി പ്രതീക്ഷയുടെ വിത്തിട്ടു. അതു വിളഞ്ഞതോടെ കേരളത്തിന്റെ കാർഷിക ഭൂപടത്തിൽ, പ്രത്യേകിച്ച് റംബുട്ടാൻ, പൈനാപ്പിൾ കൃഷിയിൽ സിബി ജോർജ് വിസ്മയമായി മാറി.2005ലാണ് സിബിയുടെ ജീവിതത്തിന്റെ താളം തെറ്റുന്നത്. ഒരു വലിയ കൊട്ടനിറയെ പൈനാപ്പിൾ ചുമന്നു പോകുന്നതിനിടയിൽ കൃഷിയിടത്തിൽ കാൽതെറ്റി. വലിയ താഴ്ചയിലേക്കായിരുന്നു വീഴ്ച. ഗുരുതരമായി പരുക്കേറ്റ്, ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായി. എല്ലാവരും കരുതി സിബിയുടെ കാർഷിക സ്വപ്നങ്ങൾക്ക് അന്ത്യമായെന്ന്. ഒരു വർഷത്തോളം ചികിത്സയിൽ. തോറ്റുപോകാൻ സിബി തയാറായില്ല. മനക്കരുത്ത് എന്ന വളം അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് കരുത്തേകി. ചാരത്തിൽനിന്നുയരുന്ന ഫീനിക്സ് പക്ഷിയെപ്പോലെ പ്രതിസന്ധികളിൽ നിന്ന് സിബി പറന്നുയർന്നു. പതിയെ മണ്ണിൽ കാലുറപ്പിച്ചു. കൃഷി വികസിപ്പിച്ചു. ഇന്നൊരു സാമ്രാജ്യംതന്നെ തീർത്തിരിക്കുകയാണ് സിബി.സ്വന്തമായുള്ള 25 ഏക്കർ സ്ഥലത്തെ റംബുട്ടാൻ കൃഷിക്കു പുറമേ, 500 ഏക്കറോളം സ്ഥലം ലീസിനെടുത്ത് റംബുട്ടാനും പൈനാപ്പിളും കൃഷി ചെയ്യുന്നുണ്ട്. മികച്ച ഗുണനിലവാരമുള്ള ‘എൻ18’ ഇനത്തിൽപ്പെട്ട റംബുട്ടാനാണ് പ്രധാനമായും വിളവെടുക്കുന്നത്. തമിഴ്‌നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് പ്രതിദിനം 10 ടണ്ണോളം റംബുട്ടാൻ കയറ്റി അയയ്ക്കുന്നുണ്ട്. ഗൾഫ് നാടുകളിലേക്ക് കണ്ടെയ്നർ വഴി പൈനാപ്പിൾ നേരിട്ട് കയറ്റുമതി ചെയ്ത ആദ്യത്തെ കർഷകരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. വിപണിയിലെ വിലയിടിവിൽ കർഷകർ നെട്ടോട്ടമോടുമ്പോൾ, ഇടനിലക്കാരുടെ ചൂഷണത്തിനെതിരെ ഒരു പരിചയായി സിബി നിലകൊള്ളുന്നു.
ലാഭത്തേക്കാൾ ഉപരിയായി കർഷകന്റെ അധ്വാനത്തിന് വില ലഭിക്കണമെന്ന വാശി അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. ഈ വർഷത്തെ ‘പൈനാപ്പിൾ ശ്രീ’ പുരസ്കാരം സിബിയെ തേടിയെത്തി. തളരാതെ അധ്വാനിക്കുന്ന ഏതൊരു കർഷകനും സിബി ജോർജ് വലിയ പ്രചോദനമാണ്.






