കോട്ടയം ∙ അയ്മനം പരിപ്പ് തൊള്ളായിരംചിറ ഗ്രൂപ്പിലെ 7 കള്ളുഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കാൻ സാധ്യത. 7 ഷാപ്പുകളുടെയും ലൈസൻസ് ഒരേ ഉടമകളുടെ പേരിലാണ്. തിരുവനന്തപുരം എക്സൈസ് കമ്മിഷണറേറ്റിൽ നിന്നാണ് ഉത്തരവ് ഇറങ്ങേണ്ടത്. തൊള്ളായിരംചിറ ഷാപ്പ് താൽക്കാലികമായി പൂട്ടിയിരിക്കുകയാണ്. തൊള്ളായിരംചിറ ഷാപ്പിലെ മീൻതലക്കറിയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയേറ്റ് കുമരകം ചൂളഭാഗം പള്ളിക്കൂടം പറമ്പിൽ പി.എസ്. ജ്യോതിഷ് (41) കഴിഞ്ഞ ദിവസം മരിക്കാനിടയായ സാഹചര്യത്തിലാണ് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ അശോക് കുമാർ ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയത്. ഷാപ്പ് ഉടമകളായ ലേഖ, ജോസഫ്, മാനേജരും ലേഖയുടെ മകനുമായ ആകാശ് ബാബു, ജീവനക്കാരൻ ബ്ലെസൻ എന്നിവർക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു. നരഹത്യയ്ക്കാണ് കേസ്.സംയുക്ത പരിശോധന
എക്സൈസ്, പൊലീസ്, ഭക്ഷ്യസുരക്ഷാ വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെയും ഷാപ്പിൽ പരിശോധന നടത്തി. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള മറ്റു ഷാപ്പുകളിലും ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടന്നു. എല്ലാ ഷാപ്പിൽ നിന്നും ഭക്ഷണ സാംപിളുകൾ ശേഖരിച്ചു. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ പരിശോധനാ ഫലം ലഭിക്കും. ഇതിനുശേഷം തുടർനടപടികൾ സ്വീകരിക്കും. ജ്യോതിഷിനൊപ്പം ഷാപ്പിൽ നിന്നു ഭക്ഷണം കഴിച്ച മറ്റു 6 സുഹൃത്തുക്കളുടെ നില മെച്ചപ്പെട്ടു. ഇവരിൽ തീവ്ര പരിചരണ വിഭാഗത്തിലുള്ള കുമളി സ്വദേശി അഖിൽ രാജുവും (27) സുഖംപ്രാപിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.ഷാപ്പിലെ കറികൾ
കുടുംബസമേതം ഷാപ്പുകളിൽ എത്തി ഭക്ഷണം കഴിച്ചു മടങ്ങുന്നവരുണ്ട്. പണ്ടു മുതലേ ഷാപ്പിലെ കറികൾ പ്രസിദ്ധമാണ്. ഭക്ഷണം ഉണ്ടാക്കുന്നുണ്ടെങ്കിലും പണ്ടൊന്നും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലൈസൻസ് നിർബന്ധമല്ലായിരുന്നു. എന്നാൽ ഏതാനും വർഷങ്ങളായി ലൈസൻസ് നിർബന്ധമാക്കുകയും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. പക്ഷേ, പഴയ രീതിയനുസരിച്ച് ലൈസൻസ് എടുക്കാത്ത ഷാപ്പുകളും ഉണ്ട്. എല്ലാ ലൈസൻസുകളും ഷാപ്പിൽ എല്ലാവർക്കും കാണുംവിധം സൂക്ഷിക്കണമെന്നാണ് നിയമം. മിക്ക ഷാപ്പുകളിലും ഷാപ്പിന്റെ ലൈസൻസ് നമ്പരും ഷാപ്പ് ഉടമയുടെ പേരും മാത്രമേ എഴുതാറുള്ളു. പരിപ്പ് തൊള്ളായിരംചിറ ഷാപ്പിലും ഇതുമാത്രമേ എഴുതിയിട്ടുള്ളു. പഞ്ചായത്തിന്റെയും ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും ലൈസൻസ് ഉണ്ടായിരുന്നോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.







