തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ യല്ലോ അലേർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. കേരളം,ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കേരളം – ലക്ഷദ്വീപ് – പുതുച്ചേരി – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്നും നാളെയും (ഓഗസ്റ്റ് 19, 20) കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.








