കോയമ്പത്തൂർ ∙ ചോദ്യം ചെയ്യലെന്ന വ്യാജേന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. തുടിയല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ വിനോദ് കുമാർ ആണ് അറസ്റ്റിലായത്. സസ്പെൻഷനു പിന്നാലെയാണ് വിനോദ് കുമാറിന്റെ അറസ്റ്റ്. ജൂലൈ 15 ബുധനാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. യുവതി തന്റെ ആൺ സുഹൃത്തിനൊപ്പം സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന വിനോദ് കുമാർ ഇവരുടെ അടുത്തെത്തിയത്. വിനോദ് ഇവരെ തടഞ്ഞുനിർത്തുകയും അവിടെ നിന്നതിനെക്കുറിച്ച് വളരെ ആക്രോശത്തോടെ ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് കൂടുതൽ അന്വേഷണത്തിനെന്ന പേരിൽ യുവതിയെ മാത്രം സുഹൃത്തിൽ നിന്ന് മാറ്റി നിർത്തി. ഈ സമയം വിനോദ് കുമാർ യുവതിയോട് അശ്ലീല പദപ്രയോഗങ്ങൾ നടത്തുകയും ലൈംഗികമായി അധിക്ഷേപിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.അപമാനിക്കപ്പെട്ട യുവതി മാനസികമായി തകരുകയും വിവരം സുഹൃത്തിനോട് പറയുകയും ചെയ്തു. തുടർന്ന് സുഹൃത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ച് കോൺസ്റ്റബിളിന്റെ അതിക്രമത്തിനെതിരെ ഔദ്യോഗികമായി പരാതി നൽകി. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിനോദ് കുമാറിനെ ഉടൻ സസ്പെൻഡ് ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.








