Headlines

‘അര്‍ജുന്‍ ആയങ്കിയേക്കാള്‍ വലിയ സാമൂഹിക വിപാത്താണ് മോഹന്‍ദാസ്; പൊലീസ് നടപടിയെ സ്വാഗതം ചെയ്യുന്നു’; ടി ടി ജിസ്‌മോന്‍

 

വിദ്യാര്‍ഥികളെ കുറിച്ച് ഒരിക്കലും പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ടി ജി മോഹന്‍ദാസ് നടത്തിയതെന്ന് പരാതിക്കാരനായ ടി ടി ജിസ്‌മോന്‍ .നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ടിജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

പൊലീസ് നടപടിയെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്നായിരുന്നു പരാതിയില്‍ ചൂണ്ടിക്കാണിച്ച പ്രധാന ആവശ്യം. വളരെ ഗുരുതരമായ മനുഷ്യത്വ രഹിതമായ പ്രസ്താവനയാണ് ടി ജി മോഹന്‍ദാസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ആദ്യമായല്ല ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. നിരന്തരം സമൂഹത്തില്‍ വംശീയ – വിദ്വേഷ പ്രസ്താവനകളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഏതെങ്കിലുമൊരു സംഘടനയുടെ പ്രധാന സ്ഥാനത്തിരുന്നുകൊണ്ട് ഇങ്ങനെയൊരു പ്രസ്താവന നടത്തുന്നത് ശരിയല്ല. തന്റെ പേരക്കുട്ടികളുടെ മാത്രം പ്രായമുള്ള കുട്ടികളെ കുറിച്ചാണ് ഇത്തരം പരാമര്‍ശം നടത്തിയത്. അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യാന്‍ വലിയ പൊലീസ് സംവിധാനമെല്ലാം ഉപയോഗിക്കുന്ന സാഹചര്യമുണ്ട്. അര്‍ജുന്‍ ആയങ്കിയേക്കാള്‍ വലിയ സാമൂഹിക വിപത്താണ് മോഹന്‍ദാസ് എന്നതില്‍ ഒരു തര്‍ക്കവുമില്ല. സമൂഹത്തെ ആകെ ബാധിക്കുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. അറസ്റ്റ് ചെയ്യണം. ജയിലിലടയ്ക്കണം. റെയ്ഡിനെ സ്വാഗതം ചെയ്യുന്നു – അദ്ദേഹം പറഞ്ഞു.ടി ജി മോഹന്‍ദാസ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ടി ജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നും നാളെ കോടതിയില്‍ ഹാജരാക്കുമെന്നുമാണ് വിവരം. വിവാദ വിഡിയോ അപ്ലോഡ് ചെയ്ത ഡിവൈസും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 

ടി ടി ജിസ്മോന്‍ പരാതി സമര്‍പ്പിച്ചിട്ടും കേസെടുക്കുന്ന കാര്യത്തില്‍ വൈകലുണ്ടായെന്ന് ഉള്‍പ്പെടെ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ടി ജി മോഹന്‍ദാസിനെതിരെ പൊലീസ് നിര്‍ണായക നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. വിവാദ പ്രസ്താവനയ്ക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ടി ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശത്തില്‍ സൈബര്‍ സെല്‍ ഐജി പി പ്രകാശിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിരുന്നത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലായിരുന്നു നടപടി.