രാജ്യത്തെ കാറുകളിൽ മൈലേജ് പരിശോധിക്കുന്നതിൽ നിബന്ധനകളുമായി കേന്ദ്ര സർക്കാർ. വാഹനത്തിലെ എസി ഓൺ ആക്കിയും ഓഫ് ആക്കിയും ഇന്ധനക്ഷമത പരിശോധിക്കണമെന്ന് കേന്ദ്ര നിർദേശം. യഥാർഥ ഇന്ധന ക്ഷമതയും കമ്പനികൾ വാഗ്ദാനം ചെയ്യുന്നതും തമ്മിലുള്ള അന്തരം ഇല്ലാതാക്കുകയാണ് പുതിയ നീക്കം.2026 ഒക്ടോബർ 1 മുതൽ ഇന്ത്യയിൽ നിർമ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ഇലക്ട്രിക് വാഹനങ്ങളും എല്ലാ പാസഞ്ചർ കാറുകൾക്കും കരട് നിയന്ത്രണം ബാധകമാകും. കരട് വിജ്ഞാപനമനുസരിച്ച്, എല്ലാ M1 വിഭാഗ വാഹനങ്ങളും കാലാകാലങ്ങളിൽ ഭേദഗതി ചെയ്യുന്ന AIS-213 മാനദണ്ഡങ്ങൾക്കനുസൃതമായി, പ്രവർത്തനക്ഷമമായ എയർ കണ്ടീഷനിംഗ് സിസ്റ്റം ഉപയോഗിച്ച് ഇന്ധന ഉപഭോഗ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
നിലവിൽ, എയർ കണ്ടീഷനിംഗ് ഉപയോഗിക്കാതെ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നിർമ്മാതാക്കൾ മൈലേജ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത്, ഇത് നിലവിലുള്ള യൂറോപ്യൻ പരിശോധനാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നാണ് പറയുന്നത്. എന്നാൽ കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ് കണക്കുകൾ പലപ്പോഴും ഉപയോക്താക്കൾക്ക് ലഭിക്കാറില്ല. പുതിയ നീക്കത്തിലൂടെ ഉപയോക്താക്കൾക്ക് മികച്ച വാഹനം തിരഞ്ഞെടുക്കാനും യഥാർഥ മൈലേജ് മനസിലാക്കാനും കഴിയുമെന്നാണ് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പ്രതീക്ഷിക്കുന്നത്.





