മാർത്തോമ സഭയുടെ പരമാധ്യക്ഷനായിരുന്ന ഡോ. ജോസഫ് മാർത്തോമ മെത്രാപോലീത്ത അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അർബുദത്തിന് ചികിത്സയിലായിരുന്നു.
2007 മുതൽ സഭയുടെ പരമാധ്യക്ഷനാണ്. ആത്മീയ കാര്യങ്ങൾക്കൊപ്പം പാരിസ്ഥിതിക വിഷയങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. മലങ്കര മാർത്തോമ സുറിയാനി സഭയുടെ 21ാമത്തെ പരമാധ്യക്ഷനാണ്.
2007ൽ മാർ ക്രിസോസ്റ്റം വലിയ തിരുമേനി ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പരാമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ ലോക മതസമ്മേളനങ്ങളിലെ പ്രത്യേക ക്ഷണിതാവായിരുന്നു.

 
                         
                         
                         
                         
                         
                        



