ബിജെപി പുനഃസംഘടനയിൽ തലമുറമാറ്റം ഉണ്ടായില്ല;‌ ഇനി മന്ത്രിസഭ അഴിച്ചുപണി

ന്യൂഡൽഹി ∙ ബിജെപിയുടെ സംഘടനാ നേതൃനിരയിലെ അഴിച്ചുപണിയിൽ മുഖങ്ങൾ പലതും മാറി. എന്നാൽ, തലമുറമാറ്റം എന്ന് പറയാനാവില്ല. അടുത്ത വർഷം ആദ്യ പകുതിയിൽ തിരഞ്ഞെടുപ്പു നടക്കുന്ന യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെ ലക്ഷ്യം വച്ചുള്ള ജാതി പരിഗണനകളും വ്യക്തമാണ്. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ ട്രഷറർ സ്ഥാനത്തേക്കു കൊണ്ടുവന്നത് ഉടനെ മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്നതിന്റെ സൂചനയാണ്.ഒരാൾക്ക് ഒരു പദവിയെന്ന തത്വമാണ് പീയൂഷിന് മന്ത്രിസ്ഥാനം നഷ്ടപ്പെടാമെന്ന വിലയിരുത്തലിന് പ്രേരിപ്പിക്കുന്നത്. പക്ഷേ, അതു കർശനമായി പാലിക്കപ്പെടുന്ന രീതിയില്ല. നേരത്തേ മന്ത്രിസ്ഥാനവും പാർട്ടിയുടെ ട്രഷറർ പദവിയും പീയൂഷ് വഹിച്ചിട്ടുണ്ട്. ജെ.പി.നഡ്ഡ പാർട്ടി അധ്യക്ഷപദവിയിൽ തുടരുമ്പോൾ മൂന്നാം മോദി മന്ത്രിസഭയിൽ അംഗമായത് മറ്റൊരു ഉദാഹരണം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ പരാജയപ്പെട്ടതോടെ സ്മൃതി ഇറാനി സജീവരാഷ്ട്രീയത്തിൽനിന്നു പിൻമാറുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ, അവശ്യഘട്ടങ്ങളിൽ പാർട്ടിയെയും സർക്കാരിനെയും ന്യായീകരിക്കുന്നതിൽ ഇപ്പോഴും മികവു പ്രകടിപ്പിക്കുന്ന സ്മൃതിയുടെ സേവനം കൂടുതലായി പ്രയോജനപ്പെടുത്താൻ പാർട്ടി താൽപര്യപ്പെടുന്നു.

തിരിച്ചുവന്നവരുടെ പട്ടികയിലുള്ള മറ്റൊരാളാണ് ആർഎസ്എസിൽനിന്നെത്തി ജനറൽ സെക്രട്ടറിപദം വഹിച്ച റാം മാധവ്. സംഘടനാപരമായി അതിനെക്കാൾ താഴ്ന്നതാണ് ഇപ്പോഴത്തെ ഉപാധ്യക്ഷസ്ഥാനം. 13 ഉപാധ്യക്ഷരിൽ ഒരാൾ മാത്രമാണെങ്കിലും അദ്ദേഹത്തിന് പ്രാധാന്യമുള്ള ചുമതലകൾ ലഭിച്ചേക്കും. ആർഎസ്എസും പാർട്ടിയുമായുള്ള സമവാക്യങ്ങൾ പരിഗണിക്കുമ്പോൾ, അതേപോലെ ശ്രദ്ധേയമാണ് സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് ബി.എൽ.സന്തോഷ് തുടരുന്നുവെന്നത്. 2019 ജുലൈയിലാണ് സന്തോഷ് ജനറൽ സെക്രട്ടറിയായത്. പലരെയും ഒഴിവാക്കിയതിന് നേതൃനിരയിൽ 5 വർഷമായെന്ന കാരണം പറയുമ്പോൾ, സന്തോഷിന് അത് ബാധകമാകുന്നില്ല. വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവയ്ക്കും മുൻപുതന്നെ കേട്ടിരുന്നതാണ് ധർമേന്ദ്ര പ്രധാൻ സംഘടനയിലേക്കു പോകാനുള്ള സാധ്യത. എന്നാൽ, വിവാദത്തിൽപ്പെട്ടയാൾക്ക് ഇപ്പോൾ സംഘടനാപദവി നൽകുന്നത് ഉചിതമാവില്ലെന്നായിരുന്നു വിലയിരുത്തൽ.

ജനറൽ സെക്രട്ടറി പദവിയിൽ ഇപ്പോൾ ദലിത് സാന്നിധ്യമില്ല. എന്നാൽ, തമിഴ്നാട്ടിലെ ദലിത് നേതാവ് ഡോ.എം.വെങ്കടേശനെ സെക്രട്ടറിയാക്കിയതും ബംഗാളിൽ താഴെത്തട്ടിലെ പ്രവർത്തനത്തിലൂടെ ശ്രദ്ധനേടിയ ഡോ.മധുചന്ദ്ര കറിനെ ഉപാധ്യക്ഷയാക്കിയതും എടുത്തുപറയാവുന്ന തീരുമാനങ്ങളാണ്. നേതൃനിരയിൽനിന്ന് ഒഴിവാക്കപ്പെട്ടവരിൽ അരുൺ സിങ്, തേജസ്വി സൂര്യ തുടങ്ങിയവർ മന്ത്രിസഭയിലെത്താൻ സാധ്യതയുണ്ട്.

നിലവിലെ സാഹചര്യത്തിൽ ചെറുപ്പക്കാർക്ക് കൂടുതൽ പ്രാതിനിധ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും 50 വയസ്സാണ് നേതൃനിരയുടെ ശരാശരി പ്രായം. ദേശീയ സെക്രട്ടറിമാരിൽ അരവിന്ദ് മേനോൻ ഉൾപ്പെടെ പലരും ഒഴിവാക്കപ്പെട്ടപ്പോഴും അനിൽ‍ ആന്റണി തുടരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താൽപര്യപ്രകാരമെന്നാണ് സൂചന. കേരളത്തിൽനിന്ന് ഇനി ആർക്കെങ്കിലും ദേശീയപദവിയെങ്കിൽ അത് കെ.സുരേന്ദ്രനെന്ന് നേരത്തെതന്നെ സൂചനയുണ്ടായിരുന്നു.

സമൂഹമാധ്യമങ്ങളുടെ ചുമതലയിൽനിന്ന് അമിത് മാളവ്യയെ മാറ്റി ദീപക് മസ്കേയ്ക്ക് ആ പദവി നൽകിയത് പ്രതികരണങ്ങളുടെ രീതിയിൽ കാര്യമായ മാറ്റം ഉദ്ദേശിച്ചാണ്. 2024 ൽ ഗുജറാത്തിൽ കോൺഗ്രസിന്റെ വക്താവായിരിക്കെ ബിജെപിയിലെത്തിയ രോഹൻ ഗുപ്തയെയും ഏതാനും മാസം മുൻപ് രാജ്യസഭയിലെ പിളർപ്പിൽ ആം ആദ്മി പാർട്ടിയിൽനിന്നെത്തിയ സന്ദീപ് പാഠക്കിനെയും ദേശീയ സെക്രട്ടറിമാരാക്കിയും ശ്രദ്ധേയം.