Headlines

ഒരുമിച്ച് മുഖം മിനുക്കാൻ ബിജെപിയും മോദി മന്ത്രിസഭയും; ധനം മുതൽ വിദ്യാഭ്യാസം വരെ, മാറുമോ ഈ മുഖങ്ങൾ?

 

ന്യൂഡൽഹി ∙ ബംഗാളിൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പിൽ തിളക്കമേറിയ വിജയം സ്വന്തമാക്കിയതിനു പിന്നാലെ ഒരുമിച്ച് മുഖം മിനുക്കാൻ ബിജെപിയും മോദി മന്ത്രിസഭയും ഒരുങ്ങുന്നു. വ്യാഴാഴ്ച ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, ആഭ്യന്തര മന്ത്രി അമിത് ഷാ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് തുടങ്ങിയ മുതിർന്ന നേതാക്കൾ മൂന്ന് മണിക്കൂർ നീണ്ട യോഗം ചേർന്നത് ഈ വിഷയങ്ങൾ ചർച്ച ചെയ്യാനെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അടുത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് കൂടുതൽ പരിഗണന മോദി സർക്കാരിൽ ലഭിച്ചേക്കും. അതേസമയം 45കാരനായ നിതിൻ നബീൻ പാർട്ടി ദേശീയ അധ്യക്ഷനായതിനു പിന്നാലെയുള്ള പാർട്ടി മുഖംമിനുക്കലിൽ കൂടുതൽ യുവാക്കൾ നേതൃനിരയിലേക്ക് എത്താനുള്ള സാധ്യതയുണ്ട്. പാർട്ടിയിലെ സംഘടനാ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയ വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവരിൽ ഉൾപ്പെടെ പുതിയ മുഖങ്ങൾ കടന്നുവരും.അതേസമയം മോദി 3.0 മന്ത്രിസഭയുടെ പുനഃസംഘടനയെ കുറിച്ചുള്ള അഭ്യൂഹങ്ങളും ന്യൂഡൽഹിയിൽ നിറയുകയാണ്. ഒട്ടേറെ കേന്ദ്ര മന്ത്രിമാർ പാർട്ടിയുടെ സംഘടനാ ചുമതലകളിലേക്ക് മാറിയേക്കും. നിലവിലെ ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടായേക്കും. നിലവിൽ മാറ്റങ്ങൾ ഉണ്ടാവുമെന്ന് മാധ്യമങ്ങൾ ഉൾപ്പെടെ പ്രതീക്ഷിക്കുന്ന മുഖങ്ങൾ ഇവരുടേതാണ്.നിലവിൽ വാണിജ്യ മന്ത്രിയായ പീയൂഷ് ഗോയൽ മന്ത്രിസഭയുടെ പുനഃസംഘടന കഴിയുമ്പോൾ ധനമന്ത്രിയായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിലെ ധനകാര്യ മന്ത്രി നിർമല സീതാരാമൻ വിദ്യാഭ്യാസ മന്ത്രിയാവാനും സാധ്യതയുണ്ട്. അടുത്തിടെ നീറ്റ് പരീക്ഷയിൽ ഉൾപ്പെടെ ഒട്ടേറെ വിമർശനങ്ങൾക്ക് കാരണമായ മന്ത്രാലയമാണിത്. അതേസമയം മുൻ ആർ‌ബി‌ഐ ഗവർണർ ശക്തികാന്ത ദാസ് മോദി സർക്കാരിന്റെ പുതിയ ധനമന്ത്രിയാവുമെന്ന അഭ്യൂഹങ്ങൾ ദിവസങ്ങൾക്ക് മുൻപേ ശക്തമാണ്. ശക്തമായ സാമ്പത്തിക പരിഷ്കരണം ലക്ഷ്യമിട്ടാവും ഈ നീക്കം. ഉടൻ തിര‍ഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിന് കൂടുതൽ പ്രാധാന്യം മോദി മന്ത്രിസഭയുടെ പുനഃസംഘടനയിൽ ലഭിച്ചേക്കും തരുൺ ചുങ്, അടുത്തിടെ എഎപിയിൽനിന്നും എത്തിയ രാഘവ് ഛദ്ദ എന്നിവർക്കും കേന്ദ്രമന്ത്രിസഭാ പുനസംഘടനയിൽ കൂടുതൽ സാധ്യത കൽപ്പിക്കുന്നു.