Headlines

വൈക്കത്ത് സണ്ണി എം കപിക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി? ദളിത് ഏകോപനത്തിന് വഴിയൊരുങ്ങുമോ?

വൈക്കത്ത് ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയാവുമെന്ന വാര്‍ത്ത പരന്നിട്ട് 24 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. സണ്ണിയോ, യുഡിഎഫ് നേതൃത്വമോ ഈ വാര്‍ത്തയില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, യുഡിഎഫ് നേതൃത്വം സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ച നടത്തിയെന്നാണ് ലഭ്യമാവുന്ന വിവരം. സണ്ണിയുടെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ചുകൊണ്ട് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നതെന്നാണ് ദളിത് സംഘടനാ നേതാക്കള്‍ പ്രതികരിച്ചത്. ദലിത് എഴുത്തുകാരനായ കെ കെ ബാബുരാജ് സാമൂഹ്യമാധ്യമങ്ങളില്‍ സണ്ണിയുടെ സ്ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയതോടെയാണ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമായത്. (Is Sunny M Kapikad UDF candidate in Vaikom?).കോണ്‍ഗ്രസിന്റെ ഉന്നത നേതാവാണ് സണ്ണിയുമായുള്ള സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ മാസം 22ന് അവസാനഘട്ട കൂടിക്കാഴ്ചയ്ക്ക് ശേഷം യുഡിഎഫ് നേതൃത്വം വൈക്കത്തെ സ്ഥാനാര്‍ഥിയായി സണ്ണിയുടെ പേര് പ്രഖ്യാപിക്കുമെന്ന വിവരമാണ് ലഭ്യമാകുന്നത്. കോട്ടയം ജില്ലാ കമ്മിറ്റി വൈക്കത്ത് ചില കോണ്‍ഗ്രസ് നേതാക്കളുടെ പേര് കെപിസിസിക്ക് നല്‍കിയിരുന്നു. എന്നാല്‍ ഈ സ്ഥാനാര്‍ഥികള്‍ക്കൊന്നും വൈക്കം സീറ്റ് പിടിച്ചെടുക്കാനുള്ള സ്വീകാര്യതയില്ല. ഈ സന്ദര്‍ഭത്തിലാണ് പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ഇടപെടലുണ്ടായിരിക്കുന്നത്. സുനില്‍ കനഗോലു റിപ്പോര്‍ട്ടില്‍ യുഡിഎഫിന് വിജയ സാധ്യതയില്ലാത്ത മണ്ഡലമാണ് വൈക്കം. ഇത്തരം മണ്ഡലങ്ങളില്‍ പൊതുസ്വീകാര്യനായൊരു വ്യക്തിയെ കൊണ്ടുവരുന്നതിനായുള്ള ചര്‍ച്ചകളിലാണ് പ്രതിപക്ഷനേതാവ്. എഐസിസി ജന. സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഈ നീക്കം. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരം സാന്നിന്ധ്യമാണ് സണ്ണി എം കപിക്കാട്. വ്യക്തതയോടെ വിഷയങ്ങളെ സമീപിക്കുന്ന സണ്ണിക്ക് കേരളത്തിലെ പൊതുസമൂഹത്തിനിടയിലും സ്വീകാര്യതയുണ്ടെന്നതും കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്.സംവരണ മണ്ഡലമായ വൈക്കം എല്ലാകാലത്തും ഇടത് അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്നതാണ്. ഇടത് കോട്ടകള്‍ പിടിച്ചെടുക്കാന്‍ പൊതുസമ്മതരെ കണ്ടെത്താനുള്ള ചര്‍ച്ചയാണ് സണ്ണി എം കപിക്കാടില്‍ എത്തിയത്. മലയാളികള്‍ക്കിടയില്‍ ഏറെ അറിയപ്പെടുന്ന ദളിത് ചിന്തകനും സാമൂഹ്യ വിമര്‍ശകനുമാണ് സണ്ണി എം കപിക്കാട്. സി കെ ജാനുവും എം ഗീതാനന്ദനും നേതൃത്വം നല്‍കിയ ആദിവാസി ഗോത്ര മഹാസഭയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയാണ് സണ്ണി. കേരളത്തില്‍ നടന്ന നിരവധി ആദിവാസി-ദലിത് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാക്കളില്‍ പ്രമുഖമുഖമാണ് സണ്ണി എം കപിക്കാട്.

സികെ ജാനുവിനെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്തെ ദലിത് -ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ യുഡിഎഫിനോടുള്ള സമീപത്തില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സണ്ണി എം കപിക്കാടുമായും സകെ ജാനുവുമായും ആശയപരമായി വിയോജിച്ചു നില്‍ക്കുന്നവരേയും യുഡിഎഫിനോട് ഒപ്പം കൂട്ടുന്നതിനുള്ള പദ്ധതികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. ആദിവാസി-ദലിത് വിഭാഗത്തിന്റെ വോട്ടുകള്‍ വിജയ-പരാജയങ്ങള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാണ്.

പാര്‍ട്ടിയുടെ നേതാക്കളല്ലാത്ത ആദിവാസി-ദലിത് നേതാക്കളെയും ബുദ്ധിജീവികളേയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാക്കാന്‍ വിമുഖത കാണിക്കുന്നതാണ് പതിവ് രീതി. ഇതില്‍ വലിയ മാറ്റമാണ് ഇത്തവണ കോണ്‍ഗ്രസ് കൈക്കൊള്ളുന്നത്.

ജാതി വിവേചനത്തിനും അയിത്തത്തിനും എതിരെ ഐതിഹാസിക സമരം അരങ്ങേറിയ വൈക്കത്ത് നിന്നും ഒരു ദലിത് ചിന്തകന്‍ നിയമസഭയിലേക്ക് എത്തുമെന്ന തരത്തിലുള്ള ക്യാമ്പയിന്‍ ഇതിനകം സോഷ്യല്‍ മീഡിയയിലും സജീവമായിക്കഴിഞ്ഞു. വൈക്കം എന്ന ചരിത്രഭൂമിയില്‍ നിന്നും ഒരു ദലിത് ചിന്തകന്‍ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത് കേരള സമൂഹത്തിലും വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് ദലിത് ആക്ടിവിസ്റ്റുകളും ചിന്തകരും വിലയിരുത്തുന്നത്.

വൈക്കം മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കെആര്‍ നാരായണനും കെകെ ബാലകൃഷ്ണനും മാത്രമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചിട്ടുള്ളൂ. സിപിഐയുടെ പിഎസ് ശ്രീനിവാസന്‍ നാലുതവണയും എംകെ കേശവന്‍ മൂന്നുതവണയും തുടര്‍ച്ചയായി വിജയിച്ച മണ്ഡലം കൂടിയാണ് വൈക്കം. സിപിഐയുടെ വനിതാ നേതാവായ സികെ ആശയാണ് കഴിഞ്ഞ രണ്ട് തവണയും വൈക്കത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.