ഞങ്ങളെ കുടുക്കാൻ ശ്രമിക്കുന്നു ഗയ്‌സ്: ആസൂത്രണത്തോടെയുള്ള വേട്ടയാടലെന്ന് ബുൾജെറ്റ് സഹോദരൻമാർ

തങ്ങളെ ആസൂത്രിതമായി കുടുക്കാൻ ശ്രമിക്കുന്നുവെന്ന പുതിയ ആരോപണവുമായി വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാർ. ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് നടക്കുന്നത്. ചില മാഫിയകൾ ഉദ്യോഗസ്ഥർക്ക് പണം നൽകി കുടുക്കുകയാണ്. അറിവില്ലായ്മയെ ചൂഷണം ചെയ്തിട്ടാണ് നിയമസംവിധാനങ്ങൾ തങ്ങളെ ക്രൂശിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു

കഞ്ചാവിനെതിരെ പ്രചാരണം നടത്തിയവരാണ് തങ്ങൾ. എന്നാൽ തങ്ങളെ കഞ്ചാവ് സംഘമായി പോലീസ് പ്രചരിപ്പിക്കുന്നു. തെളിവുകൾ കെട്ടിച്ചമക്കാൻ ശ്രമിക്കുന്നു. പാറിപ്പറന്ന് നടന്ന കിളികളെ കൂട്ടിലടച്ച അവസ്ഥയാണ് ഇപ്പോൾ. ഞങ്ങൾക്ക് പതിനെട്ട് ലക്ഷം പേരുടെ പിന്തുണയുണ്ട്. പിന്നോട്ടു പോകില്ലെന്നും പുതിയ വ്‌ളോഗിൽ ഇവർ പറയുന്നു

യാതൊരു നിയമവും പാലിക്കാതെ വാഹനം മോഡിഫൈ ചെയ്ത് മറ്റുള്ളവർക്ക് അപകടകരമാകുന്ന രീതിയിൽ റോഡിലിറക്കിയതിനാണ് മോട്ടോർ വാഹനവകുപ്പ് ഇവർക്ക് പിഴ ഇട്ടത്. എന്നാൽ പിഴ അടയ്ക്കാൻ തയ്യാറാകാതെ ഇവർ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊതുമുതൽ നശിപ്പിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു

എന്നാൽ ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഹർജി സമർപ്പിച്ചിട്ടുണ്ട്. ജാമ്യം റദ്ദാക്കാതിരിക്കാനുള്ള കാരണം അറിയിക്കാൻ സമയം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്. ഇരുവർക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് കോടതിയിൽ പറഞ്ഞിരുന്നു.