Headlines

‘തൂഫാന്‍ തൂക്കി’; ലഹരിയില്‍ നിന്ന് മുക്തി നേടിയവരെയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാം, ഡോ എല്‍സി ഉമ്മന്‍

 

പുതിയ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനമൊട്ടാകെ ശക്തമായ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആഞ്ഞടിക്കുകയാണ്. നമ്മുടെ യുവതലമുറയെ കാര്‍ന്നുതിന്നുകയും കുടുംബങ്ങളെയും സമൂഹത്തെയും തകര്‍ക്കുകയും ചെയ്യുന്ന ലഹരിയുടെ വ്യാപനത്തെ തടയാനുള്ള ഈ ഇടപെടല്‍ തീര്‍ച്ചയായും ശ്ലാഘനീയമാണ്. എന്നാല്‍ ഒരു ദിവസത്തെയോ ഒരു മാസത്തെയോ പ്രത്യേക ഡ്രൈവായി മാത്രം ഇതിനെ കാണാന്‍ പാടില്ല. ലഹരിക്കെതിരായ പോരാട്ടം ഒരു തുടര്‍ച്ചയായ സാമൂഹിക പ്രക്രിയയാണ്. ആദ്യത്തെ ആവേശവും ഊര്‍ജവും തുടര്‍ന്നും ചോരാതെ നിലനിര്‍ത്താന്‍ കഴിയുമ്പോഴാണ് യഥാര്‍ത്ഥ വിജയം കൈവരിക്കാന്‍ സാധിക്കുക.ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഒരു ‘കള പറിക്കല്‍’ ആയി കാണാം. ഒരിക്കല്‍ കളപറിച്ചാല്‍ മാത്രം മതിയാകില്ല; വീണ്ടും വീണ്ടും അത് ചെയ്യേണ്ടിവരും. അതുപോലെ തന്നെ ലഹരി ഉപയോഗത്തെയും വ്യാപനത്തെയും നിയന്ത്രിക്കാന്‍ നിരന്തരമായ നിരീക്ഷണവും ഇടപെടലും ആവശ്യമാണ്. ലഹരി വില്‍പ്പന നടത്തുന്നവര്‍ക്കും അതിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കേണ്ടതുണ്ട്. നിയമത്തിന്റെ കര്‍ശനമായ ഇടപെടല്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ തടയുന്നതില്‍ നിര്‍ണായകമാണ്.അതേസമയം, ലഹരിക്ക് അടിമപ്പെട്ടവരെ കേവലം കുറ്റവാളികളായി മുദ്രകുത്തി സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് പ്രശ്‌നപരിഹാരമല്ല. ലഹരി ഉപയോഗം പലപ്പോഴും ഒരു ആരോഗ്യപ്രശ്‌നവും മാനസിക-സാമൂഹിക പ്രശ്‌നവുമാണ്. അതിനാല്‍ അവരെ ശാസ്ത്രീയമായി ചികിത്സിക്കുകയും പുനരധിവസിപ്പിക്കുകയും സമൂഹത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സഹായിക്കുകയും വേണം. ചികിത്സയ്ക്ക് ശേഷം തുടര്‍നിരീക്ഷണവും പിന്തുണയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഒരു തവണ ചികിത്സ നല്‍കിയതുകൊണ്ട് മാത്രം നമ്മുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല.ഇതിനായി പ്രത്യേക രജിസ്റ്ററുകള്‍ സൂക്ഷിക്കുകയും ചികിത്സ നേടിയവരെ ക്രമമായി ഫോളോ-അപ്പ് ചെയ്യുകയും ചെയ്യാം. കേരളത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കര്‍മാരുടെ ശൃംഖല നിലവിലുണ്ട്. ആവശ്യമായ പരിശീലനം നല്‍കി ഇത്തരം നിരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ അവരെയും പങ്കാളികളാക്കാവുന്നതാണ്. പഞ്ചായത്തുതലങ്ങളില്‍ ലഹരിവിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രദേശങ്ങളിലെ ലഹരി ഉപയോഗവും കച്ചവടവും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ചെയ്യാം.രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ ജില്ലാതലങ്ങളില്‍ അവലോകനയോഗങ്ങള്‍ സംഘടിപ്പിക്കുകയും പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുകയും വേണം. നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും റിപ്പോര്‍ട്ടുകളും സംസ്ഥാനതല സമിതിക്ക് കൈമാറി തുടര്‍നടപടികള്‍ സ്വീകരിക്കണം. ലഹരി ഉപയോഗിക്കുന്നവര്‍ക്കും വില്‍പ്പന നടത്തുന്നവര്‍ക്കും സമൂഹവും സംവിധാനവും തങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന ബോധ്യം ഉണ്ടാകേണ്ടത് പ്രധാനമാണ്. അതാണ് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ പ്രതിരോധശക്തി.മുന്‍കാലങ്ങളില്‍ സ്‌കൂള്‍-കോളേജ് തലങ്ങളില്‍ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ കൂടുതല്‍ ശക്തമായി പുനരാരംഭിക്കേണ്ടതുണ്ട്. കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും ശരിയായ അവബോധം സൃഷ്ടിക്കാതെ ലഹരിക്കെതിരായ പോരാട്ടം വിജയിക്കില്ല. ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത കപട ചികിത്സകരുടെയും അത്ഭുത വാഗ്ദാനങ്ങളുടെയും കെണിയില്‍ വീഴാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. കുടുംബങ്ങള്‍, അധ്യാപകര്‍, മത-സാമൂഹിക സംഘടനകള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട വിഷയമാണിത്.ലഹരിയില്‍ നിന്ന് മുക്തി നേടിയവരെയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാം. അവരുടെ നേരനുനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് വലിയ പാഠമാകുകയും ലഹരിയുടെ യഥാര്‍ത്ഥ അപകടങ്ങള്‍ സമൂഹത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്യും. കക്ഷിരാഷ്ട്രീയ ഭേദമെന്യേ, മത-സാമൂഹിക വ്യത്യാസങ്ങള്‍ മറന്ന്, നമ്മുടെ ഭാവി തലമുറയുടെ നന്മയ്ക്കായി എല്ലാവരും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അണിചേരേണ്ട സമയമാണിത്.

 

വാല്‍ക്കഷണം :

ലഹരി വിമുക്തി എന്നത് മനോരോഗ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയമായി ചെയ്യുന്ന ഒന്നാണ്. അത് അവരെ തന്നെ ഏല്‍പ്പിക്കേണ്ടതുണ്ട്. കപട ചികിത്സകര്‍ ഒരുക്കുന്ന കെണിയില്‍ പെടരുത് എന്ന് സാരം.

 

ഡോ എല്‍സി ഉമ്മന്‍

കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്,

മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, എറണാകുളം