കെപിസിസി വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടതിന് പിന്നാലെ വൈകിരകമായ കുറിപ്പുമായി മുൻ ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കെപിസിസി വൈസ് പ്രസിഡന്‍റ് പദവിയിലേക്ക് നിയോഗിച്ച പാർട്ടി നേതൃത്വത്തോടും അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയോടും കെപിസിസി നേതൃത്വത്തോടും രമ്യ നന്ദിയും കടപ്പാടും അറിയിച്ചു. ‘ഇതുതന്നെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ വ്യത്യസ്തമാക്കുന്നത്. അവിടെ ജാതിയില്ല, മതമില്ല, ലിംഗഭേദമില്ല’ രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.
കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമത്തിൽനിന്നുള്ള ദരിദ്ര പശ്ചാത്തലത്തിൽ ജനിച്ച, പിന്നോക്ക സമുദായത്തിൽപ്പെട്ട ഒരു പെൺകുട്ടിക്ക് പാർട്ടി നൽകിയ അംഗീകാരത്തിൽ നിറഞ്ഞ കണ്ണുകളോടെയാണ് പ്രതികരിച്ചത്. ഡൽഹിയിൽ വെച്ച് നടന്ന അഖിലേന്ത്യ യൂത്ത് കോൺഗ്രസിന്റെ യോഗത്തിൽ വച്ച് കേരളത്തിനെ പ്രതിനിധീകരിച്ച് സംസാരിക്കാൻ അവസരം ലഭിച്ചു. രാഹുൽജിയുടെ അനുഗ്രഹത്തോടെ അന്ന് സംസാരിച്ചു. ദരിദ്ര പശ്ചാത്തലത്തിൽ നിന്നും പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഒരു പെൺകുട്ടിയായ എനിക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമായിരുന്നു ദേശീയതലത്തിലെ ആ വേദി.
യുപിഎ സർക്കാർ പുറത്തിറക്കിയ പരസ്യങ്ങളിൽ പോലും എന്റെ മുഖം പ്രത്യക്ഷപ്പെട്ടു എന്നത് ഏറെ അഭിമാനം നൽകുന്നു. ഏൽപ്പിച്ച ഉത്തരവാദിത്യങ്ങളും തെരഞ്ഞെടുപ്പ് ചുമതലകളും കൃത്യമായും സമയബന്ധിതമായും ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എന്നെന്നും എന്നെ ചേർത്തുപിടിച്ചിട്ടുള്ളത് ഈ നാട്ടിലെ ജനങ്ങളാണ്, എന്റെ പ്രിയപ്പെട്ട പാർട്ടി പ്രവർത്തകരാണ്. നിങ്ങളുടെ സ്നേഹമാണ് ഓരോ പ്രതിസന്ധികളിലും എന്നെ മുന്നോട്ടു നയിച്ചിട്ടുള്ളത്.
വീഴ്ചകൾ ഉണ്ടാകുമ്പോൾ ചൂണ്ടിക്കാണിക്കാനും എന്നെ തിരുത്താനും നിങ്ങൾ കൂടെ ഉണ്ടാകണം.. ഏറ്റെടുക്കുന്ന ഉത്തരവാദിത്വം വിജയകരമായി പൂർത്തിയാക്കാൻ രാജ്യത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കാൻ നമുക്ക് ഒരുമിച്ച് മുന്നേറണം അതിന് നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും വേണമെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു.