കട്ടപ്പന: ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം. രണ്ടു പേര്‍ക്ക് പരുക്ക്. വിദ്യാഭ്യാസ വകുപ്പിലെ റിട്ടയര്‍ഡ് ഉദ്യോഗസ്ഥയായ തൊടുപുഴ വെണ്ടാനത്ത് സൂസമ്മ സെബാസ്റ്റ്യനാ (62) ണ് മരിച്ചത്. മൂന്നാര്‍-തേക്കടി സംസ്ഥാന പാതയിലെ പുളിയന്‍മല അപ്പന്‍പാടിക്ക് സമീപം വൈകിട്ട് നാലോടെയായിരുന്നു അപകടം.
വെണ്ടാനത്ത് പി.ഡി. സെബാസ്റ്റ്യന്‍ (70), മകന്‍ അരുണ്‍കുമാര്‍ (33) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അരുണിന്റെ ഭാര്യ ഡോക്ടര്‍ ബ്ലെസിയെ മുണ്ടിയെരുമ പി.എച്ച്.സിയില്‍ ഡോക്ടര്‍ ആയി ജോയിന്‍ ചെയ്യിപ്പിച്ച ശേഷം മാതാപിതാക്കളുമായി തിരികെ തൊടുപുഴയ്ക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. ഏലത്തോട്ടത്തില്‍ നിന്ന വന്‍ മരം കടപുഴകി ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുകളില്‍ വീഴുകയായിരുന്നു. അപകട വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും കട്ടപ്പന, നെടുംകണ്ടം എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് കാര്‍ വെട്ടിപ്പൊളിച്ച് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. ഉടന്‍തന്നെ ഇവരെ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും സൂസമ്മ മരിച്ചു. സൂസമ്മ കാറിന്റെ പിന്‍സീറ്റിലാണ് ഇരുന്നത്.