കനത്ത മഴ; നേത്രാവതി എക്‌സ്പ്രസിന് മുകളില്‍ മരം വീണു

 

ബംഗളൂരു: ഉത്തര കന്നഡയില്‍ നേത്രാവതി എക്‌സ്പ്രസിന് മുകളില്‍ മരം വീണു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ചുഴലിക്കാറ്റ് റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു.

കര്‍ണാടകയില്‍ അതിശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി. ശക്തമായ മഴയിലും കാറ്റിലും നൂറിലധികം വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ആകെ 75 ഓളം ഗ്രാമങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. 400ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മൂന്ന് തീരദേശ ജില്ലകള്‍ ഉള്‍പ്പെടെ ആറ് ജില്ലകളില്‍ അതിശക്തമായ മഴയുണ്ടായി. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ശിവമോഗ, ചിക്കമംഗളൂരു, കുടക് എന്നിവിടങ്ങളിലാണ് കനത്ത മഴ പെയ്തത്.

ദക്ഷിണ കന്നഡയിലെ പണാജെയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 170.5 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ അടിയന്തിര യോഗം വിളിച്ചിരുന്നു. എല്ലാ ജില്ലാ അധികാരികള്‍ക്കും അടിയന്തിര ഘട്ടത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.