Headlines

ബോർഡ്-കോർപ്പറേഷൻ വിഭജന: ഹൈക്കമാൻഡ് ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ ഹൈക്കമാൻഡ് ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ. ഹൈക്കമാൻഡ് അംഗീകാരത്തോടെ മാത്രമേ പട്ടിക പുറത്തിറക്കാൻ പാടുളളൂവെന്നാണ് ആവശ്യം. പാർട്ടി ഭരിക്കുന്ന കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ രീതി ചൂണ്ടിക്കാട്ടിയാണ് നീക്കം. തീരുമാനം വേഗത്തിലാക്കാനും ദേശീയ നേതൃത്വം ഇടപെടണമെന്ന് ആവശ്യമുണ്ട്. കേരളത്തിന്റെ ചുമതലയുളള ദീപാദാസ് മുൻഷി അറിയാതെയാണ് ഇപ്പോഴത്തെ തീരുമാനങ്ങളെന്നും പരാതി.

ബോർഡ് – കോർപ്പറേഷൻ വിഭജനത്തിൽ കോൺഗ്രസിനുള്ളിലെ അഭിപ്രായ ഭിന്നത കീറാമുട്ടിയായി തുടരുകയാണ്. പുതിയ കെപിസിസി പ്രസിഡണ്ടിനെ ചൊല്ലിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങളിലും പാർട്ടിയിൽ അഭിപ്രായ ഭിന്നത കൂടുതൽ മറനീക്കി പുറത്തുവന്നു. കെപിസിസ ഭാരവാഹി യോഗത്തിലും രൂക്ഷ വിമർശനമാണ് ഉയർന്നത്. സർക്കാർ അധികാരമേറ്റ് ആറ് മാസം കഴിഞ്ഞിട്ടും ബോർഡ് കോർപറേഷൻ വിഭജനമുൾപ്പെടെ പൂർത്തിയാക്കാൻ കഴിയാത്തതിൽ യുഡിഎഫിലെ ഘടകക്ഷികൾക്ക് ഉൾപ്പെടെ അതൃപ്തിയുണ്ട്.

അടൂർപ്രകാശ് ഉൾപ്പെടെയുള്ളവരുടെ വിമത നീക്കങ്ങൾക്ക് പിന്നിൽ കെ സി പക്ഷമെന്നാണ് വി ഡി സതീശൻ അനുകൂലികൾ തുടക്കം മുതൽ വാദിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് എതിരായ വിമർശങ്ങളോട് കെ സി വേണുഗോപാൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. മന്ത്രിമാരുടെ അതൃപ്തി ഉൾപ്പെടെ കോൺഗ്രസിന് തലവേദനയാകുന്നുണ്ട്.