ഗ്രൂപ്പ് സമവാക്യം കാറ്റിൽ പറത്തി, UDFൽ ഭിന്നത രൂക്ഷം; ഹൈക്കമാൻഡ് ഇടപെടൽ ആവശ്യപ്പെട്ട് പ്രവർത്തകർ

തെരഞ്ഞെടുപ്പിന് ശേഷം ഗ്രൂപ്പ് സമവാക്യം കാറ്റിൽ പറത്തി, യുഡിഎഫിൽ ഭിന്നത രൂക്ഷം. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് പിന്നാലെ പാർട്ടിയിലെ അഭിപ്രായ ഭിന്നത തുറന്നുപറഞ്ഞ് നേതാക്കൾ. പ്രശ്ന പരിഹാരത്തിന് ഹൈക്കമാൻഡ് ഇടപെടൽ ആവശ്യപ്പെട്ട് പ്രവർത്തകർ. പുതിയ കെപിസിസി പ്രസിഡണ്ടിനെ ചൊല്ലിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങളിലും പാർട്ടിയിൽ അഭിപ്രായ ഭിന്നത കൂടുതൽ മറനീക്കി പുറത്തുവരികയാണ്.

ക്ലിഫ് ഹൗസിൽ ചേർന്ന യോഗത്തിൽ തന്നെ ഒഴിവാക്കിയതിൽ അടൂർ പ്രകാശ് കടുത്ത അതൃപ്തിയിലാണ്. കെപിസിസി പ്രസിഡന്റ് മാറുന്നതിനൊപ്പം യുഡിഎഫ് കൺവീനറും മാറണമെന്ന് നിലപാട് കടുപ്പിക്കുകയാണ് വിഡി സതീശൻ പക്ഷം. യുഡിഎഫ് കൺവീനറെ മാറ്റുമോ എന്ന ചോദ്യത്തിന് മന്ത്രി എ പി അനിൽകുമാർ പ്രതികരിച്ചില്ല. തന്നെ മാറ്റണമെങ്കിൽ മാറ്റിക്കോട്ടെ എന്ന നിലപാടിലാണ് അടൂർ പ്രകാശ്. നേതാക്കൾക്കിടയിൽ കലഹം രൂക്ഷമായതോടെ ഹൈക്കമാൻഡ് ഇടപെടൽ ഉടൻ ഉണ്ടായേക്കും.

അടൂർപ്രകാശ് ഉൾപ്പെടെയുള്ളവരുടെ വിമത നീക്കങ്ങൾക്ക് പിന്നിൽ കെ സി പക്ഷമെന്നാണ് വി ഡി സതീശൻ അനുകൂലികൾ തുടക്കം മുതൽ വാദിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് എതിരായ വിമർശങ്ങളോട് കെ സി വേണുഗോപാൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. സർക്കാർ അധികാരമേറ്റ് ആറ് മാസം കഴിഞ്ഞിട്ടും ബോർഡ് കോർപറേഷൻ വിഭജനമുൾപ്പെടെ പൂർത്തിയാക്കാൻ കഴിയാത്തതിൽ യുഡിഎഫിലെ ഘടകക്ഷികൾക്ക് ഉൾപ്പെടെ അതൃപ്തിയുണ്ട്. ഇതിനിടെയാണ് മന്ത്രിമാരുടെ അതൃപ്തി ഉൾപ്പെടെ കോൺഗ്രസിന് തലവേദനയാകുന്നത്.