Headlines

ആശുപത്രിയില്‍ ചത്ത എലിയും പൂച്ചകളും: ‘ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല’; ആരോഗ്യമന്ത്രിക്ക് അതൃപ്തി

തിരുവനന്തപുരം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനത്തില്‍ ആരോഗ്യമന്ത്രിക്ക് അതൃപ്തി. ഡിഎംഒമാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. പേരൂര്‍ക്കട മാതൃകാ ജില്ലാ ആശുപത്രിയില്‍ ചത്ത എലിയും പൂച്ചകളും ബെഡില്‍ കിടന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ വകുപ്പ് മന്ത്രിക്ക് അമര്‍ഷമുള്ളത്. (DMOs are not working efficiently Health Minister expresses dissatisfaction)

വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ ഇടപെടുന്നതിന് പകരം വീഴ്ചകള്‍ ഉണ്ടാവാതെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം. മന്ത്രി പറയുന്ന കാര്യങ്ങള്‍ ഡിഎംഒമാര്‍ പാലിക്കുന്നില്ലന്ന വിമര്‍ശനവും വകുപ്പിനുണ്ട്. പല ജില്ലകളിലെയും ഉദ്യോഗസ്ഥര്‍ കസേരകളില്‍ മാത്രം ഇരുന്നാണ് ജോലി ചെയ്യുന്നതെന്ന വിമര്‍ശനവും ആരോഗ്യവകുപ്പിന് ഉണ്ട്. ഇത്തരം വീഴ്ചകള്‍ പാടില്ലെന്നും വകുപ്പുമന്ത്രി നിര്‍ദ്ദേശം നല്‍കി. ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ കൃത്യമായി വിലയിരുത്തണം. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ വേണ്ട ഇടപെടല്‍ വകുപ്പുമായി കൂടിയാലോചിച്ച് ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പേരൂര്‍ക്കട മാതൃക ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ വാര്‍ഡിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ചത്ത എലിയും പൂച്ചകളും ബെഡില്‍ കിടന്ന സംഭവത്തില്‍ കൂടിയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശവും മറ്റു സൗകര്യങ്ങളും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് ഉദ്യോഗസ്ഥരാണെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. വീഴ്ചവരുത്തിയാല്‍ നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.