മയക്കുമരുന്നിനെതിരായ പോരാട്ടമെന്ന പേരില്‍ വെനിസ്വേലന്‍ ബോട്ടിന് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്കും മുന്നറിയിപ്പുമായി വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ. അമേരിക്ക വെനിസ്വേലയെ ആക്രമിക്കുന്നപക്ഷം രാജ്യം അമേരിക്കയ്ക്കെതിരെ സായുധപോരാട്ടത്തിന് തയാറാകുമെന്നാണ് മുന്നറിയിപ്പ്. വെനിസ്വേലയുടെ പ്രതിരോധത്തിനായി 25 ലക്ഷം സൈനികരെ വിന്യസിപ്പിക്കുമെന്നാണ് മഡൂറോ വ്യക്തമാക്കിയിരിക്കുന്നത്.
അധിനിവേശം നടത്തുന്നതിനായി അമേരിക്ക സൈനിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് വെനിസ്വേല പ്രസിഡന്റിന്റെ ആരോപണം. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മരണത്തിന്റെയും യുദ്ധത്തിന്റെയും പ്രഭുവാണെന്നും മഡൂറോ ആഞ്ഞടിച്ചു.വെനിസ്വേലന്‍ രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താനുള്ള സൈനിക നീക്കങ്ങളാണ് അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നാണ് മഡൂറോയുടെ ആരോപണം. സിറിയയിലും ലിബിയയിലും അവര്‍ ചെയ്തതുപോലെ രാഷ്ട്രത്തെ തന്നെ ഇല്ലാതാക്കി നമ്മുടെ എണ്ണയും ഗ്യാസും ഇരുമ്പും സ്വര്‍ണവുമെല്ലാം കൊള്ളയടിക്കാനാണ് അവരുടെ നീക്കം. ഇത് നോക്കിനില്‍ക്കാനാകില്ല. നുണകള്‍ ചമച്ചുകൊണ്ട് നമ്മുക്കെതിരെ അവര്‍ നീക്കങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അമേരിക്കയിലേക്കുള്ള ലഹരി ഒഴുക്കില്‍ വെനിസ്വേലയ്ക്ക് പങ്കുണ്ടെന്ന ആരോപണം അദ്ദേഹം പൂര്‍ണമായി തള്ളുകയും ചെയ്തു.
വെനിസ്വേലയില്‍ നിന്നും മയക്കുമരുന്ന് കടത്തുന്നുവെന്നാരോപിച്ച് അമേരിക്കന്‍ സൈന്യം വെനിസ്വേലന്‍ ബോട്ട് ആക്രമിച്ചതിനു പിന്നാലെയാണ് മഡൂറോയുടെ പ്രതികരണം. ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ മാസം ഇത് രണ്ടാം വട്ടമാണ് വെനിസ്വേലയുടെ ബോട്ട് അമേരിക്കന്‍ സൈന്യം ആക്രമിക്കുന്നത്. സെപ്തംബര്‍ രണ്ടിന് നടന്ന ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.