കോഴിക്കോട് കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം ഇന്നലെ തകർന്നു വീണു. കൊയിലാണ്ടി-ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീമാണ് പുഴയുടെ മധ്യത്തിൽ വെച്ച് ചെരിഞ്ഞു വീണത്. സംഭവം നടന്ന ഉടൻ തന്നെ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നിർദേശം നൽകി.
24 കോടിയോളം രൂപ ചെലവിട്ട് പിഡബ്ല്യുഡി കേരള റോഡ് ഫണ്ട് യൂണിറ്റിന്റെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന പാലത്തിന്റെ ചുമതല പിഎംആർ ഗ്രൂപ്പിനാണ്. നിർമ്മാണത്തിലെ അപാകതകളാണ് പാലം തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കരാർ കമ്പനിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിച്ച ശേഷം മാത്രമേ നിർമ്മാണം പുനരാരംഭിക്കാവൂ എന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. കൂടാതെ സമയബന്ധിതമായി പണി പൂർത്തിയാക്കാൻ കമ്പനിക്ക് സാധിച്ചില്ലെന്നും, തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പണി വേഗത്തിലാക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്നും ആരോപണമുണ്ട്.
സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രോജക്ട് ഡയറക്ടർ 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കണം. പ്രാഥമിക റിപ്പോർട്ടിന് ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. കോടതി വഴിയാണ് കമ്പനി കരാർ നേടിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.
നിർമ്മാണം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം തുടർപ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി നിർമ്മാണത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുക. പാലം തകർന്നത് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്.