Headlines

ആലപ്പുഴയിലെ പാലം നിർമാണത്തിനിടെ ഉണ്ടായ അപകടം; കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ നിര്‍ദേശം

ആലപ്പുഴ മാവേലിക്കരയിൽ പാലം നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുവാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിര്‍മ്മാണ ചുമതലയില്‍ ഉണ്ടായിരുന്ന അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍, അസിസ്റ്റന്‍റ് എഞ്ചിനിയര്‍‌, ഓവര്‍സിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ഈ മാസം അഞ്ചാം തീയതിയാണ് നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചത്.
ചെന്നിത്തല, ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീച്ചേരികടവ് പാലമാണ് തകർന്നുവീണത്. കല്ലുമല അക്ഷയ് ഭവനത്തിൽ രാഘവ് കാർത്തിക് (കിച്ചു–24), ഹരിപ്പാട് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് മണികണ്ഠൻചിറ ബിനു ഭവനത്തിൽ ജി.ബിനു (42) എന്നിവരാണു മരിച്ചത്.
പാലം തകർന്നു വീണ ഭാഗത്ത് അച്ചൻകോവിലാറിന്റെ ഇരുകരകളിലും വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. സുരക്ഷ ഒരുക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് മരാമത്ത് വിജിലൻസിന്റെ പ്രാഥമിക നിഗമനം.