മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു. രണ്ട് തൊഴിലാളികളെ അച്ചൻകോവിലാറിൽ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. നിർമാണം നടക്കവെ ഗർഡർ ഇടിഞ്ഞു വീഴുകയായിരുന്നു. ഏതാണ്ട് മൂന്ന് വർഷത്തോളമായി നിർമാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളിൽ ഒന്നാണ് തകർന്നു വീണത്.
നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിന്റെ ഭാഗമായി നിർമാണ തൊഴിലാളികളും അവിടെ ഉണ്ടായിരുന്നു. ഏഴ് തൊഴിലാളികളാണ് വെള്ളത്തിൽ വീണത്. ഇതിൽ രണ്ട് പേരെ കാണാനില്ല. മറ്റുള്ളവർ നീന്തി കരക്കെത്തിയിരുന്നു. കല്ലുമല മാവേലിക്കര സ്വദേശിയായ കിച്ചു രാഘവ്, കരുവാറ്റ സ്വദേശി ബിനു എന്നിവരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ നടത്തുകയാണ്. കാണാതായ തൊഴിലാളികൾക്ക് വേണ്ടി ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ പ്രവർത്തനങ്ങൾ നടത്തുന്നത്. മന്ത്രി സജി ചെറിയാൻ അപകട സ്ഥലത്തെത്തി.