Headlines

കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു; തോരായിക്കടവ് പാലത്തിന്‍റെ ഒരു ഭാഗമാണ് തകർന്നത്

കോഴിക്കോട് കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം ബീം ആണ് ഇടിഞ്ഞുവീണത്. പുഴയുടെ മധ്യ ഭാഗത്തേക്കാണ് കോൺക്രീറ്റ് അടക്കം വീണത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കിഫ്ബി ഫണ്ടിൽ നിന്നും ലഭിച്ച പണം ചെലവിട്ടാണ് പാലത്തിന്റെ നിർമാണം നടത്തുന്നത്. കഴിഞ്ഞ ഒന്നരവർഷമായി പാലത്തിന്റെ നിർമാണം നടക്കുന്നു. തൊഴിലാളികൾ ആരും അപകടത്തിൽപെട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പൊലീസും ഫയർഫോഴ്സും ചേർന്ന് സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്. പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു.

കൊയിലാണ്ടി – ബാലുശ്ശേരി നിയമസഭാ നിയോജകമണ്ഡലങ്ങളെ ഒന്നിപ്പിക്കുന്ന പാലമാണിത്. ടിഎംആർ കൺസ്ട്രക്ഷൻസിന്റെ നേത്യത്വത്തിലാണ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കനത്ത മഴയിലുണ്ടായ പുഴയിലെ കുത്തൊഴുക്കാണോ അപകട കാരണമെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്.

തോരായികടവ് പാലം തകർച്ചയിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തര റിപ്പോര്‍ട്ട് തേടി. KRFB പ്രൊജക്ട് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട്‌ ലഭിച്ചശേഷം തുടർനടപടികൾ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.