Headlines

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ 25,000 വ്യാജ വോട്ടുകള്‍; ആരോപണവുമായി കോണ്‍ഗ്രസ്

കോഴിക്കോടും വോട്ടര്‍പട്ടിക ക്രമക്കേസ് നടന്നുവെന്ന് ആരോപണവുമായി കോണ്‍ഗ്രസ്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ 25000 വ്യാജ വോട്ടുകളുണ്ടെന്ന് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍ ആരോപിച്ചു. കോര്‍പറേഷനില്‍ 1300 പേര്‍ക്ക് ഇരട്ടവോട്ടുകളുണ്ട്. ബാലുശ്ശേരി അസംബ്ലി മണ്ഡലത്തില്‍ 1800 ഇരട്ട വോട്ടുകളും തിരുവള്ളൂര്‍ പഞ്ചായത്തില്‍ 272 ഇരട്ട വോട്ടുകളുമുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

തങ്ങളുടെ പ്രാഥമിക പഠനത്തില്‍ കണ്ടെത്തിയ ക്രമക്കേടുകളെന്ന് വിശദീകരിച്ച് രേഖകളുമായി എത്തിയാണ് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഒരേ വോട്ടര്‍ ഐഡിയില്‍ പേരുകളില്‍ ചെറിയ വ്യത്യാസം വരുത്തിക്കൊണ്ടുള്ള ചില വോട്ടര്‍മാരുടെ വിവരങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ ചില രേഖകളും പ്രവീണ്‍ കുമാര്‍ പ്രദര്‍ശിപ്പിച്ചു. 1600 വോട്ടുകളിലെ ക്രമക്കേടുകള്‍ തെളിയിക്കുന്ന വിവരങ്ങളുടെ ഹാര്‍ഡ് കോപ്പി കൈയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍പും പ്രവീണ്‍ കുമാര്‍ കോഴിക്കോട് വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍ യുഡിഎഫിന്റേയും ബിജെപിയുടേയും ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമെന്ന് ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് പറഞ്ഞു. ഒരു കെട്ടിട നമ്പറില്‍ ധാരാളം വോട്ടുകള്‍ കണ്ടെത്തിയ സംഭവം കേവലം സാങ്കേതികപ്പിഴവ് മാത്രമെന്ന് അദ്ദേഹം പറഞ്ഞു. വീടില്ലാത്തവരുടെ വോട്ടുകളാണ് കെട്ടിട നമ്പര്‍ 00 എന്ന് ചേര്‍ത്തിരിക്കുന്നതെന്നും അത് വ്യാജ വോട്ടായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.