Headlines

ആലപ്പുഴയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെട്ട യുവാവിനെ ബാറില്‍ നിന്ന് പൊക്കി

ആലപ്പുഴ കൊമ്മാടിയില്‍ മദ്യലഹരിയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു. തങ്കരാജ്, ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം ഓടിരക്ഷപ്പെട്ട ബാബു എന്നയാളെ ബാറില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

രാത്രിയോടെയാണ് സംഭവം നടന്നത്. ബാബു സ്ഥിരം മദ്യപാനിയെന്നാണ് പൊലീസ് പറയുന്നത്. ഇന്നും മദ്യപിച്ച് ലക്കുകെട്ടാണ് ബാബു വീട്ടിലേക്കെത്തിയത്. ഇത് ചോദ്യം ചെയ്തതോടെ മാതാപിതാക്കളെ ബാബു മര്‍ദിക്കുന്ന നിലയുണ്ടായി.

തര്‍ക്കം മൂര്‍ച്ഛിച്ചതിന് പിന്നാലെ വീടിന്റെ വരാന്തയില്‍ വച്ച് ബാബു മാതാപിതാക്കളെ വെട്ടുകയായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചുവെന്ന് പൊലീസ് പറയുന്നു. രണ്ട് മൃതദേഹങ്ങളും ആലപ്പുഴ ജലറല്‍ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കും നെഞ്ചിനും കഴുത്തിനും വയറിനും ഉള്‍പ്പെടെ ദമ്പതികള്‍ക്ക് പരുക്കേറ്റിരുന്നു.

കൊല നടത്തിയ ശേഷം ഇയാള്‍ അവിടെ നിന്ന് ഓടിരക്ഷപ്പെടുകയും തൊട്ടടുത്ത ബാറിലിരുന്ന് മദ്യപിക്കുകയുമായിരുന്നു. അവിടെ നിന്നാണ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.