പാലക്കാട് ∙ പച്ചപ്പിന്റെ നിശ്ശബ്ദ താഴ്‌വാരങ്ങൾ തേടിയുള്ള നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്റെ ‘വനവാസ’ പ്രേമത്തിനു വിത്തുപാകിയത് പാലക്കാട്ടെ വനങ്ങൾ. 1984ൽ കോളജ് പഠനകാലത്തെ ആദ്യ വനയാത്ര പറമ്പിക്കുളത്തേക്കായിരുന്നു. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ആ യാത്ര. പിന്നീടു വനയാത്ര അദ്ദേഹത്തിന് ഊർജമായി. തിരക്കിനിടയിലും അദ്ദേഹം പലപ്പോഴായി പാലക്കാട്ടെ വനങ്ങളിലെത്തി.
പറമ്പിക്കുളത്തും സൈലന്റ്‍വാലിയിലും നെല്ലിയാമ്പതിയിലും പലതവണ കയറിയിറങ്ങി. പ്രതിപക്ഷ നേതാവായിരുന്ന സമയത്തു ശിരുവാണിയിലെ പട്ടിയാർ ബംഗ്ലാവിൽ താമസിക്കുകയും അതെക്കുറിച്ചു പ്രസംഗിക്കുകയും ചെയ്തു. വനയാത്രകളിലാണു മണ്ണും പച്ചപ്പും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം ആഴത്തിൽ പഠിക്കുകയും ഇടപെടുകയും ചെയ്തത്. നെല്ലിയാമ്പതിയിലെ വനഭൂമിയും പാട്ടക്കരാർ കഴിഞ്ഞ തോട്ടങ്ങളും തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് 2021ൽ മുന്നിട്ടിറങ്ങിയ എംഎൽഎമാരുടെ സംഘത്തിന്റെ നേതൃത്വം വി.ഡി.സതീശനായിരുന്നു. ഹരിത എംഎൽഎമാരുടെ ആ സംഘം ഒട്ടേറെ പരിസ്ഥിതി വിഷയങ്ങളിൽ ഇടപെട്ടു.തന്ത്രങ്ങളൊരുക്കിയ ഉപതിരഞ്ഞെടുപ്പ്
പാലക്കാട് ∙ തിരഞ്ഞെടുപ്പുകളിലെ താരപ്രചാരകനായിരുന്നെങ്കിലും ‘ഇലക്‌ഷൻ മാനേജർ’ എന്ന നിലയിൽ വി.ഡി.സതീശന്റെ മികവു കണ്ടത് 2024 ലെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലാണ്. രാഹുൽ മാങ്കൂട്ടത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങളെല്ലാം ആവിഷ്കരിച്ചതു സതീശനാണ്. മിക്കവാറും ദിവസങ്ങളിൽ പാലക്കാട്ടു തന്നെയായിരുന്നു അദ്ദേഹം. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് പി.സരിൻ പാർട്ടി വിട്ടതു മുതൽ തുടങ്ങി പ്രതിസന്ധി. പിന്നീട് ഓരോ ദിവസവും ഓരോ വിവാദം. മാധ്യമങ്ങൾക്കു മുന്നിലും യോഗങ്ങളിലുമെല്ലാം അതിനെയെല്ലാം പ്രതിരോധിച്ച് പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകി. ബിജെപി നേതാവ് സന്ദീപ് വാരിയരെ കോൺഗ്രസിലെത്തിച്ച തന്ത്രവും ആ സമയത്താണുണ്ടായത്.പാലക്കാടിന് അർഹമായ മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നു: വി.കെ. ശ്രീകണ്ഠൻ
പാലക്കാട് ∙ തിരഞ്ഞെടുപ്പിന്റെ നായകത്വം വഹിച്ച വി.ഡി.സതീശനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി തീരുമാനിച്ചത് ടീം യുഡിഎഫിനു കിട്ടിയ അംഗീകാരമാണെന്നു വി.കെ.ശ്രീകണ്ഠൻ എംപി. മുന്നിൽ നിന്നു വി. ഡി. സതീശൻ പോരാടുമ്പോൾ താങ്ങും തണലുമായി രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും ഒപ്പം നിന്നു. പുതുയുഗയാത്രയിലൂടെ എൽഡിഎഫിന്റെ വീഴ്ചകൾ മാത്രമല്ല യുഡിഎഫ് അധികാരത്തിലെത്തിയാൽ എങ്ങനെ ഭരിക്കുമെന്ന ദിശാബോധം കൂടി നൽകി. യുഡിഎഫ് എന്നാൽ കോൺഗ്രസ് മാത്രമല്ല. മതനിരപേക്ഷ നിലപാടു സ്വീകരിച്ചു യുഡിഎഫിനൊപ്പം നിൽക്കുന്ന പാർട്ടിയാണു മുസ്‍ലിം ലീഗ്. പാലക്കാടിന് അർഹമായ മന്ത്രി സ്ഥാനം ആഗ്രഹിക്കുന്നു. കോൺഗ്രസിനു ജില്ലയിൽ നിന്നു മന്ത്രിസ്ഥാനം ലഭിച്ചിട്ടു വർഷങ്ങളേറെയായി. എംപി എന്ന നിലയിൽ വികസനകാര്യങ്ങളിൽ പിന്തുണയുമായി മന്ത്രിയെ മോഹിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.






