സിപിഐക്ക് നാല് മന്ത്രിസ്ഥാനം ലഭിച്ചേക്കും; ഗണേഷ്‌കുമാറും ആന്റണി രാജുവും മന്ത്രിമാരാകാനും സാധ്യത

 

രണ്ടാം പിണറായി സർക്കാരിലും സിപിഐക്ക് നാല് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് സൂചന. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും സിപിഐക്ക് ലഭിക്കും. അതേസമയം ചീഫ് വിപ്പ് സ്ഥാനം സിപിഐ വിട്ടുനൽകും. സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിൽ ഇതുസംബന്ധിച്ച ധാരണയായെന്നാണ് റിപ്പോർട്്.

ഒറ്റ എംഎൽഎമാരുമായുള്ള കക്ഷികളുമായി മറ്റന്നാൾ സിപിഎം ഉഭയകക്ഷി ചർച്ച നടത്തും. ജനാധിപത്യ കേരളാ കോൺഗ്രസിലെ ആന്റണി രാജുവും ഐഎൻഎല്ലിലെ അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം പങ്കിടും. ഇരു പാർട്ടികൾക്കുമായി രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനാണ് സാധ്യത. അതല്ലെങ്കിൽ ആന്റണി രാജുവിന് മന്ത്രിസ്ഥാനം നൽകി ഐഎൻഎല്ലിന് ചീഫ് വിപ്പ് പദവി നൽകും

കഴിഞ്ഞ മന്ത്രിസഭയിൽ ഉൾപ്പെടാതിരുന്ന ഗണേഷ്‌കുമാറിനെ ഇത്തവണ മന്ത്രിയാക്കാനാണ് സാധ്യത. അതേസമയം രാമചന്ദ്രൻ കടന്നപ്പള്ളി ഇത്തവണ മന്ത്രിസഭയിലുണ്ടാകില്ല. ജോസ് കെ മാണിക്ക് ഒരു മന്ത്രിസ്ഥാനം നൽകും. രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് ഇവരുടെ ആവശ്യം. മെയ് 20ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സർക്കാരിന്റെ സത്യപ്രതിജ്ഞ